തിരുവനന്തപുരം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണം. യുവതിയുടെ വയറിനുള്ളിൽ ശസ്ത്രക്രിയയ്ക്ക് ശേഷം തുണിക്കഷണം വച്ച് തുന്നിക്കെട്ടിയെന്നാണ് പരാതി. ഡിസംബർ 3 ന് അപ്പെൻഡിക്സ് ശസ്ത്രക്രിയയ്ക്കായാണ് കഴക്കൂട്ടം മേനംകുളം സ്വദേശിനിയായ ഷീബ പ്രമോദ് ഈ ആശുപത്രിയിൽ എത്തിയത്. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിക്കഷണം ഉൾപ്പെടെ തുന്നിക്കെട്ടുകയായിരുന്നു എന്നാണ് ആരോപണം.
ശസ്ത്രക്രിയ കഴിഞ്ഞ് 9 ദിവസത്തിനു ശേഷം ഡിസംബർ 12-ന് ഷീബയെ ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിന്റെ ഒരു ഭാഗം ഉണങ്ങിയില്ല. പിന്നീട് മൂന്നുമാസം ശക്തമായ വേദന അനുഭവപ്പെടുകയും വേദന അസഹനീയമായതോടെ തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ഷീബ ചികിത്സ തേടി. അവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് ശസ്ത്രക്രിയ ചെയ്ത മുറിവിന്റെ ഒരു വശത്ത് ചെറിയ ദ്വാരമുള്ളതായും വയറിനുള്ളിൽ തുണി കുടുങ്ങിയതായും കണ്ടെത്തിയത്.
ഒടുവിൽ ഫെബ്രുവരി 6 ന് സിഎസ്ഐ മിഷൻ ആശുപത്രിയിൽവച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി ഈ തുണിക്കഷണം പുറത്തെടുക്കുകയായിരുന്നു. എങ്ങനെ തുണി വയറിനുള്ളിൽ പോയി എന്ന് തങ്ങൾക്കറിയില്ലെന്നും, ഷീബ മറ്റ് ആശുപത്രികളിൽ ചികിത്സ തേടിയിരുന്നതിനാൽ അവിടെ നിന്ന് കുടുങ്ങിയതാകാം എന്നുമാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ പറയുന്നത്. സംഭവത്തിൽ യുവതിയുടെ കുടുംബം ഇതിനോടകം തന്നെ മുഖ്യമന്ത്രിക്ക് പരാതി നൽകി.