ന്യൂഡൽഹിയിലെ ഛത്തീസ്ഗഡ് സദനിലെ കാന്റീൻ കോൺട്രാക്ടറായ അനുരൂപ് ഗുപ്തയെ (48) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ശരീരഭാഗങ്ങൾ യമുനാ നദിയിൽ തള്ളിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. അനുരൂപ് ഗുപ്തയെ ഫെബ്രുവരി 23-നാണ് കാണാതായത്. ധാരാളം സ്വർണാഭരണങ്ങൾ ധരിക്കുന്ന ശീലമുണ്ടായിരുന്ന ഇദ്ദേഹത്തെ സ്വർണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രതികൾ ചതിയിൽപ്പെടുത്തുകയായിരുന്നു. സൂരജ് (29 ), രാഖി (21), ഭൂപേന്ദർ (27 ), ബൽറാം (28 ) എന്നിവരാണ് അറസ്റ്റിലായത്.
മുഖ്യപ്രതിയായ സൂരജ് ഒരു വിരുന്നിനെന്ന വ്യാജേന അനുരൂപിനെ ഉത്തം നഗറിലെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും അനുരൂപിനെ കെട്ടിയിട്ട് മർദ്ദിക്കുകയും സ്വർണാഭരണങ്ങൾ കവരുകയും ചെയ്തു. കൂടുതൽ പണം ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിനെത്തുടർന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലാക്കി. തുടർന്ന് അനുരൂപിന്റെ തന്നെ കാറിൽ മൃതദേഹഭാഗങ്ങൾ വൃന്ദാവനിലെ യമുനാ നദിയിൽ കൊണ്ടുപോയി തള്ളി.കാണാതായ രാത്രിയിൽ അനുരൂപ് ഒരു റാപ്പിഡോ ബൈക്കിൽ സൂരജിന്റെ വീട്ടിലേക്ക് പോയതാണ് കേസിൽ നിർണായകമായത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ യമുനയിൽ നിന്ന് മൃതദേഹഭാഗങ്ങൾ കണ്ടെടുക്കുകയായിരുന്നു.