സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ ഹൈക്കോടതി നേരിട്ട് പരിശോധിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഡിറ്റ് റിപ്പോർട്ട് തയാറാക്കുന്നതിനായി നൽകിയ ബില്ലുകളടക്കമുള്ള എല്ലാ രേഖകളും വ്യാഴാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡിനു വേണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ഓഡിറ്റ് സ്ഥാപനമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കേസിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെയും കക്ഷി ചേർത്തു. സ്ഥാപനത്തോട് അവരുടെ കൈവശമുള്ള മുഴുവൻ രേഖകളും നേരിട്ട് ഹൈക്കോടതിക്ക് കൈമാറാനാണ് ഇപ്പോൾ ദേവസ്വം ബെഞ്ച് നിർദേശിച്ചിരിക്കുന്നത്.