തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാൻ സാധിക്കുന്ന ‘നേറ്റിവിറ്റി കാർഡ്’ ബിൽ നിയമസഭയിൽ പാസാക്കി. കേരളത്തിലെ പൗരന്മാർക്ക് ഔദ്യോഗിക തിരിച്ചറിയൽ രേഖയാണിത്. കേരളത്തിന്റെ ചരിത്രത്തിലെ സുപ്രധാന നിമിഷമാണിതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് ഇന്ന് ബിൽ പാസാക്കിയത്. പൗരന്മാർക്ക് അവരുടെ മേൽവിലാസം തെളിയിക്കുന്നതിന് നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനുമാണ് ഈ നിയമം ലക്ഷ്യമിടുന്നത്. കേരളത്തിൽ ജനിച്ചവർക്കോ, അല്ലെങ്കിൽ മാതാപിതാക്കളിൽ ഒരാളെങ്കിലും കേരളത്തിൽ ജനിച്ചവർക്കോ ഈ കാർഡിന് അർഹതയുണ്ട്.
ജോലിയാവശ്യം സംസ്ഥാനത്തിന് പുറത്ത് താമസിക്കുമ്പോൾ ജനിച്ച കുട്ടികൾക്കും ഈ കാർഡ് ലഭിക്കും. എന്നാൽ വിദേശ പൗരത്വം സ്വീകരിച്ചവർക്ക് ഇത് ബാധകമല്ല. നിലവിലുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് സമാനമായി, ഫോട്ടോ പതിപ്പിച്ച സ്ഥിരമായ തിരിച്ചറിയൽ രേഖയാണിത്. നേറ്റിവിറ്റി കാർഡ് ബില്ലിനൊപ്പം അബ്കാരി ഭേദഗതി ബില്ലും മറ്റ് 9 പ്രധാന ബില്ലുകളും നിയമസഭ പാസാക്കിയിട്ടുണ്ട്.