മൂന്നു പതിറ്റാണ്ടു മുമ്പ് ബംഗളുരുവില്‍ ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന് രൂപീകരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് വി. സോമരാജനാണ്. ഹരിപ്പാട് സ്വദേശിയായ അദ്ദേഹം വൃന്ദാവന്‍ അലോയീസ് എന്ന ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു. ചൊക്കസാന്ദ്രയായിരുന്നു താമസം.
സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പരിഹാരം കണ്ടെത്തിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും കലാപരിപാടികള്‍ സംഘടിപ്പിച്ചും ദീപ്തിയെ ഉയരങ്ങളില്‍ എത്തിക്കുന്നതിന് വിട്ടുവീഴ്ച്ചയില്ലാത്ത പ്രതിബന്ധതയോടെ ദീര്‍ഘകാലം സോമരാജന് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. കാല്‍നൂറ്റാണ്ടു കാലം പലതവണയായി ഏറ്റവും കൂടുതല്‍ ടേമില്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത് അദ്ദേഹമാണ്. സോമരാജന് ജനറല്‍ സെക്രട്ടറിയായപ്പോഴെല്ലാം പ്രസിഡണ്ട് സ്ഥാനത്തിരിക്കാന്‍ അവസരം ലഭിച്ചത് മാധ്യമ പ്രവര്ത്തകന് കൂടിയായ വിഷ്ണുമംഗലം കുമാറിനാണ്. പതിനാറു തവണ ഇരുവരും പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ച് ദീപ്തിയെ നയിച്ചിട്ടുണ്ട്. ഉറച്ച മതേതര കാഴ്ചപ്പാട് വെച്ചു പുലര്‍ത്തിയിരുന്ന ഇരുവരും പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ സാമുദായിക ശക്തികളുടെയോ പക്ഷം പിടിച്ചിട്ടില്ല. ബാഹ്യ സ്വാധീനങ്ങള്‍ക്ക് വഴങ്ങിയുമില്ല. അവര്‍ക്കിടയില്‍ അസാധാരണമായ ഒരു കെമിസ്ട്രി ഉണ്ടായിരുന്നു. അതുതന്നെയാണ് ദീപ്തിയുടെ വ്യത്യസ്തതയ്ക്കും വിജയത്തിനും നിദാനമായതും. നാലഞ്ചു വര്‍ഷം മുമ്പ് ബംഗളുരുവിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സോമരാജന് ജന്മനാടായ ഹരിപ്പാട്ടേക്ക് മടങ്ങി. അപ്പോഴും അദ്ദേഹത്തിൻ്റെ മനസ്സ് ദീപ്തിയിലായിരുന്നു. വിവരണാതീതമായ വൈകാരിക ബന്ധമാണ് സോമരാജന് ദീപ്തിയോട് ഉണ്ടായിരുന്നത്.
നാട്ടില്‍ വച്ച് പക്ഷാഘാതം പിടിപെട്ട് ആരോഗ്യപ്രശ്നങ്ങളുണ്ടായി. അതൊക്കെ അവഗണിച്ചാണ് പഴയ സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും കാണാനും ദീപ്തി മെഗാ ഷോയ്ക്ക് സാക്ഷ്യം വഹിക്കാനും അദ്ദേഹം ഇക്കഴിഞ്ഞ ദിവസം മല്ലേശ്വരം ചൗഡയ്യ ഹാളിലെത്തിയത്. വേദിയില്‍ സോമരാജനെ ദീപ്തി സമുചിതമായി ആദരിച്ചു. മുഖ്യാതിഥി ആലങ്കോട് ലീലാകൃഷ്ണന് പൊന്നാടയണിയിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് കെ സന്തോഷ് കുമാര്‍ മെമെന്റോ സമ്മാനിച്ചു. വികാരഭരിതമായിരുന്നു ആ രംഗം. സോമരാജൻ്റെ കണ്ണില്‍ നിന്നും ആനന്ദാശ്രുക്കള്‍ പൊഴിയുന്നുണ്ടായിരുന്നു. പലതും സംസാരിക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും വാക്കുകള്‍ പുറത്തേക്ക് വന്നില്ല. ആദരിക്കല്‍ ചടങ്ങ് നടക്കുമ്പോള്‍ സദസ്സില്‍ നിന്നും നിലയ്ക്കാത്ത കയ്യടി ഉയര്‍ന്നു. ദീപ്തി മെഗാ ഷോയില്‍ അവിസ്മരണീയ അനുഭവമായി സോമരാജൻ്റെ ആദരിക്കല്‍ ചടങ്ങ് മാറി
