സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെയും ഭയമില്ലാതെയും ഡിജിറ്റൽ ഇടങ്ങൾ ഉപയോഗിക്കാൻ ശക്തീകരണം നൽകേണ്ടത് വളരെ പ്രധാനമാണ്.
ശാസ്ത്രസാഹിത്യ വേദി ബംഗളൂരു വനിതാദിനാചരണത്തിൻ്റെ ഭാഗമായി നടത്തിയ സെമിനാറിൽ “ഡിജിറ്റൽ കാലത്തെ സ്ത്രീ സുരക്ഷ” എന്ന വിഷയത്തെക്കുറിച്ച് എഴുത്തുകാരിയും ഐ ടി വിദഗ്ധയുമായ ഹിത വേണുഗോപാലനും ഡോ: ദീപ വി കെ ക്രൈസ്റ്റ് കോളേജ് ഇക്കണോമിക്സ് വിഭാഗം അധ്യാപികയും പ്രഭാഷണങ്ങൾ നടത്തി..
ദൈനംദിന ജീവിതത്തിൻ്റെ ഭൂരിഭാഗവും ആശയവിനിമയം തൊട്ട് ജോലി ധനകാര്യ സാമൂഹിക ഇടപെടലുകൾ വരെ ഇപ്പോൾ ഓൺലൈനിൽ സംഭവിക്കുന്നത് കൊണ്ട് ഈ ഡിജിറ്റൽ യുഗത്തിൽ സ്ത്രീകളുടെ സുരക്ഷ വളരെ നിർണായകമാണ്. ഭൗതികമായ ലോകത്തെ എന്നപോലെ തന്നെ ഡിജിറ്റൽ ലോകവും സ്ത്രീകളെ പുതിയ തരത്തിലുള്ള പീഡനങ്ങൾക്കും വിധേയമാക്കുന്നു.
ഐടി നിയമങ്ങളും പ്ലാറ്റ്ഫോം പരിരക്ഷകളും നിലവിലുണ്ടെങ്കിലും, അവയെപ്പറ്റിയുള്ള അവബോധത്തിൻ്റെ അഭാവവും ക്രൈമുകൾ റിപ്പോർട്ട് ചെയ്യുന്നതിലും പരിഹരിക്കുന്നതിലും ഉള്ള കാലതാമസവും സമൂഹത്തിൻ്റെ മുൻവിധിയോടെയുള്ള സമീപനവും കാരണം ഈ പരിരക്ഷകൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുന്നില്ല.
Stalking, cyberbullying പോലെ സ്ത്രീകൾക്കെതിരായി നടക്കുന്ന ഓൺലൈൻ ആക്രമണങ്ങളുടെ തോത് ദിനംപ്രതി വർദ്ധിക്കുന്നതും അതുകൊണ്ടാണ്. AI യുടെ ഉയർന്നുവരുന്ന ദുരുപയോഗം കൊണ്ടുള്ള അപകടസാധ്യതകൾ ഇതിൻ്റെ ആക്കം കൂട്ടുന്നു. ഡിജിറ്റൽ നിയമങ്ങളെ കുറിച്ചുള്ള സാക്ഷരത അത്യന്താപേക്ഷിതമാണ്. ഡിജിറ്റൽ ടെക്നോളജി/സോഫ്റ്റ്‌വെയർ രംഗങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുന്നതും പുതിയ സാങ്കേതികവിദ്യകളിൽ വ്യക്തമായ സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സഹായിക്കും എന്നും ഹിത വേണുഗോപാലൻ അഭിപ്രായപ്പെട്ടു.
നമ്മുടെ രാജ്യം ഏതുതരത്തിലുള്ള പുരോഗതി കൈവരിക്കുമ്പോൾ അത് പ്രധാനമായും സ്വാധീനിക്കുന്നത് സ്ത്രീകളെയും കുട്ടികളെയും ആയിരിക്കും. ശാസ്ത്രസാങ്കേതികമായിട്ടുള്ള പുരോഗതിക്ക് സമൂഹത്തിൽ പ്രത്യേകിച്ചും സ്ത്രീകളുടെ ഇടയിൽ നല്ലതും മോശവും ആയിട്ടുള്ള രീതിയിൽ സ്വാധീനം ചെലുത്താൻ കഴിയുന്നുണ്ട് ഉദാഹരണമായി തൊഴിൽ മേഖലയിലെ പ്രാതിനിധ്യം കൂടുകയും വിവരശേഖരണത്തിനുള്ള ഉപാധികൾ വർദ്ധിച്ചതോടൊപ്പം സ്ത്രീകളുടെ പ്രത്യേകിച്ചും തൊഴിൽ മേഖലയിലെ സ്ത്രീകൾക്ക് നേരെയുള്ള മാനസികവും ശാരീരികവും സാമ്പത്തികവുമായ അതിക്രമണങ്ങൾ കൂടി വരികയും ചെയ്തിട്ടുണ്ട്.
ഇതിന് തടയിടാൻ നമ്മുടെ ചുറ്റുമുള്ള വ്യവസ്ഥാപിത സ്ഥാപനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട് മാത്രമല്ല നമ്മുടെ സ്ത്രീകൾ സാങ്കേതികമായ വിദ്യാഭ്യാസം ആർജിക്കുകയും അത് ദൈനംദിന ജീവിതത്തിൽ
പ്രവർത്തിക്കേണ്ടതും ഉണ്ട് എന്നും ഡോ: ദീപാ വി കെ കൂട്ടിച്ചേർത്തു.
യോഗത്തിൽ ശാസ്ത്ര സാഹിത്യ വേദിയുടെ വനിതാ വിഭാഗം വൈസ് ചെയർപേഴ്സൺ കൽപ്പന പ്രദീപ് അധ്യക്ഷത വഹിച്ചു. ശാസ്ത്ര സാഹിത്യ വേദിയുടെ പ്രസിഡണ്ട് കെ ബി ഹുസൈൻ ആശംസകൾ പറഞ്ഞു. ഷീജ റെനീഷ് ചർച്ച ഉദ്ഘാടനം ചെയ്തു. സ്മിത വത്സല, രതി സുരേഷ്, സിന കെ.എസ്, ഫരീഷാ
ഷറാഫുദീൻ, ശാന്തകുമാർ, ബി എസ് ഉണ്ണികൃഷ്ണൻ, ആർ വി ആചാരി, പ്രഗൽഭ് പ്രദീപ്, പ്രമിത കുഞ്ഞപ്പൻ, സംഗീത ശരത്, നൂർജഹാൻ എന്നിവർ സംസാരിച്ചു.
തങ്കമ്മ സുകുമാരൻ, എൻ കെ ശാന്ത, പ്രതിഭ പ്രദീപ്, അനിത എസ് നാഥ് എന്നിവർ കവിതകൾ ആലപിച്ചു
സൗദാ റഹ്മാൻ, സംഗീതാ രാമചന്ദ്രൻ, സരസ്വതി രവീന്ദ്രൻ, ഷീബ രാജൻ എന്നിവർ നാടകഗാനം ആലപിച്ചു.
ഗീത നാരായണൻ അവതാരികയും, പൊന്നമ്മ ദാസ് ആമുഖപ്രസംഗവും, സോയ കുട്ടപ്പൻ സ്വാഗതവും, തങ്കമ്മ സുകുമാരൻ നന്ദിയും പറഞ്ഞു.