ജെ പി നഗറിനു സമീപം അഞ്ജനപുര ഏഴാം ബ്ലോക്കിൽ അപ്പാർട്മെന്റ്റിനടുത്ത് പുള്ളിപ്പുലി. പുള്ളിപ്പുലിയുടെ സിസിടിവി ദൃശ്യം പുറത്തുവന്നതു പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. തുറഹള്ളി വനത്തോടു ചേർന്നുള്ള പ്രദേശമാണിത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണവും കോമ്പിംഗും ശക്തമാക്കിയിട്ടുണ്ട്.
പ്രദേശവാസികൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടോടെ അപ്പാർട്മെന്റിനു സമീപത്തെ റോഡിലൂടെ പുലി ചുറ്റിത്തിരിയുന്നതിൻ്റെ ദൃശ്യങ്ങളാണു പ്രചരിക്കുന്നത്. തനിച്ചു പുറത്തിറങ്ങരുതെന്നും കുട്ടികളെയും വളർത്തു മൃഗങ്ങളെയും പുറത്തിറക്കരുതെന്നും ഗേറ്റുകൾ അടച്ചിടണമെന്നും നിർദേശമുണ്ട്.