ആലപ്പുഴയിൽ യുവാവ് കടലിൽ ചാടി മരിച്ചു. പുറക്കാട് ചെങ്ങന്നൂർ വെണ്മണി സ്വദേശി ഉജ്വൽ (23) ആണ് മരിച്ചത്. യുവാവിന്റെ ഒപ്പമെത്തിയ പെൺകുട്ടിയെയും കാണാനില്ല. ഇന്ന് രാവിലെ 10.30 ഓടെ മത്സ്യത്തൊഴിലാളികളാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി.
രാവിലെ 8.30 ഓടെ ഉജ്വലും ഒരു പെൺകുട്ടിയും കൂടി സ്ഥലത്തെത്തിയതായും സമീപത്തുള്ള കടയിൽ കയറി സാധനങ്ങൾ വാങ്ങുന്നത് കണ്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. സ്കൂട്ടറിലാണ് ഇരുവരും സ്ഥലത്തെത്തിയത്. സ്കൂട്ടറിൽ നിന്ന് സ്വിച്ച് ഓഫാക്കിയ നിലയിൽ ഉജ്വലിന്റെ മൊബൈലും കണ്ടെത്തി. പെൺകൂട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പെൺകുട്ടിക്കായി കടലിലും തെരച്ചിൽ നടക്കുന്നുണ്ട്. സംഭവത്തിൽ പോലീസ്അന്വേഷണം ആരംഭിച്ചു.