കൊച്ചിയിൽ വിദ്യാർഥിനിയെ കരിങ്കൽ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ്. തിരുവാങ്കുളം കക്കാട് കിണറ്റിങ്കൽ പറമ്പിൽ മഹേഷിന്റെയും രമ്യയുടെയും മകൾ ആദിത്യയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്കു പോയ വിദ്യാർഥിനിയെ വീടിന് സമീപമുള്ള ഉപയോഗശൂന്യമായ കരിങ്കൽ ക്വാറിയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആദിത്യയുടെ ബാഗിലുണ്ടായിരുന്ന നോട്ട്ബുക്കിൽ നിന്നും ഇംഗ്ലീഷിൽ എഴുതിയ 3 പേജുള്ള കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണ വാർത്തയെ തുടർന്ന് താൻ വിഷമത്തിലായിരുന്നുവെന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും കുറിപ്പിൽ പറയുന്നുണ്ട്.