സമൂഹമാധ്യമത്തിലെ ലൈംഗീക ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഷിംജിത മുസ്തഫയ്ക്കെതിരെ പോലീസ് കേസ്. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. ഇന്ന് വൈകുന്നേരം പോലീസ് ദീപക്കിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തിരുന്നു. ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിൽ ആത്മഹത്യാപ്രേരണയ്ക്ക് മെഡിക്കൽ കോളജ് പോലീസ് ആണ് കേസെടുത്തത്.
സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ അറിയിച്ചു. അഡ്വ. വി. ദേവദാസ്, അബ്ദുൾ റഹീം പൂക്കത്ത് എന്നിവർ നൽകിയ പരാതികളിലാണ് നടപടി.