പാലക്കാട് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് ആഭരങ്ങൾ മോഷ്ടിച്ചു. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 5 ലക്ഷത്തോളം വിലവരുന്ന വജ്രാഭരണങ്ങളാണ് മോഷ്ടിച്ചത്. പാലക്കാട് ഒറ്റപ്പാലത്ത് കണ്ണിയംപുറം ശ്രീരാംനഗറിൽ നന്ദകുമാറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഡയമണ്ട് പതിപ്പിച്ച സ്വർണമാല, സ്വർണമോതിരം എന്നിവയാണ് മോഷണം പോയത്. നന്ദകുമാറും കുടുംബവും വിദേശത്തായതിനാൽ ജനുവരി ഒന്നുമുതൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു.
ശനിയാഴ്ച ഇലക്ട്രിസിറ്റി ബിൽ വന്നിട്ടുണ്ടോയെന്ന് നോക്കാൻ നന്ദകുമാറിന്റെ ഭാര്യപിതാവ് എത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നതായി അറിഞ്ഞത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.