കുന്ദലഹള്ളി കേരളസമാജം നടത്തിയ കവിതാരചന മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകുവാനും സമ്മാനാർഹമായ കവിതകളെക്കുറിച്ച്‌ ചർച്ച ചെയ്യാനുമായി ‘കാവ്യസന്ധ്യ’ സംഘടിപ്പിച്ചു. ബാംഗ്ലൂർ നഗരത്തിലെ അറിയപ്പെടുന്ന എഴുത്തുകാരായ സിന്ധു ഗാഥ, രമ പിഷാരടി, ശ്രീലക്ഷ്മി എം എസ്, വിന്നി ഗംഗാധരൻ എന്നിവരാണ് ചടങ്ങിൽ പങ്കെടുത്ത് പുരസ്‌കാരങ്ങൾ സ്വീകരിച്ചത്. സമ്മാനർഹരായ എല്ലാവരും തങ്ങളുടെ കവിതകൾ അവതരിപ്പിക്കുകയും ആ കവിതകളെക്കുറിച്ച്‌ കാണികളുമായി ചർച്ച ചെയ്യുകയും ചെയ്തു. ബാംഗ്ലൂർ മലയാളികളുടെ സാഹിത്യവാസനയെ പ്രോത്സാഹിപ്പിക്കാൻ കുന്ദലഹള്ളി കേരളസമാജം നടത്തുന്ന പ്രവർത്തനങ്ങളെ അവർ ശ്ലാഘിച്ചു. ഒൻപതാം തവണയാണ് സമാജം ഇത്തരത്തിലുള്ള കവിതാരചന മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സമൂഹത്തിൽ നടമാടുന്ന തിന്മകൾക്കും അനീതിക്കുമെതിരെ കവിതകളിലൂടെ പ്രതികരിക്കുന്ന ഈ കവികളുടെ ശ്രമത്തെ പരിപാടിയിൽ പങ്കെടുത്തവർ അഭിനന്ദിക്കുകയുണ്ടായി. കവിതാമത്സരത്തിന് തുടക്കമിട്ട സമാജത്തിൻ്റെ സ്ഥാപകപ്രസിഡണ്ടായിരുന്ന കെ വി ജി നമ്പ്യാരുടെ ഭാര്യയും നിലവിലെ വൈസ് പ്രസിഡണ്ടുമായ ശാന്ത എൻ കെയെ രമ പിഷാരടി അഭിനന്ദിച്ചു. പ്രവർത്തകസമിതി അംഗമായ മധു രാഘവൻ സ്വാഗതവും സെക്രട്ടറി അജിത് കോടോത്ത് മുഖ്യപ്രഭാഷണവും നടത്തി.

കുറെ വാക്കുകൾ ചേർത്ത് വെച്ച് എന്തെങ്കിലും എഴുതുന്നതു പകരം നല്ലൊരാശയം പകരാൻ കഴിയുന്നതായിരിക്കണം കവിത എന്ന് കവി കൂടിയായ സ്വാഗതപ്രസംഗികൻ മധു എല്ലാവരേയും ഓർമ്മപ്പെടുത്തി. വിജയികളെ കൂടാതെ ശാന്ത എൻ കെ, രാജേഷ് കരിമ്പിൽ, മധു രാഘവൻ എന്നിവരും കവിതകൾ ആലപിച്ചു. സ്വതസിദ്ധമായ അവതരണശൈലിയിലൂടെ കാണികളെ കൈയിലെടുത്ത മഹേഷ് മേനോനായിരുന്നു പരിപാടി നിയന്ത്രിച്ചത്. പ്രവർത്തകസമിതി അംഗമായ നാരായണദാസ് നന്ദി പറഞ്ഞു.

Related Posts