ഡിജിറ്റൽ ആസക്തി എന്നത് പ്രായ ലിംഗ ഭേദമന്യേ എല്ലാവരിലും പ്രകടമായി കണ്ടുവരുന്ന ഒരാഗോള സമസ്യയാണ്. വർത്തമാന കാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ മാനസികാരോഗ്യ വെല്ലുവിളിയും ഇതു തന്നെയാണ്. 40 കോടിയോളം വരുന്ന സമൂഹമാധ്യമ ഉപയോക്താക്കളിൽ 59 ശതമാനം പേർക്കും ഫോൺ ഇല്ലാതെ ജീവിതം ദുസ്സഹമാണെന്ന പുതിയ കണക്ക് വെറും കണക്കല്ല അതൊരു വലിയ വിപത്തിൻ്റെ മുന്നറിയിപ്പു തന്നെയാണ്. നിയന്ത്രിത ഉപയോഗം ഇല്ലെങ്കിൽ കാത്തിരിക്കുന്നത് മഹാ വിപത്തു തന്നെയാണെന്ന് തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ഡോ. വിനിയ വിപിൻ അഭിപ്രായപ്പെട്ടു.

തിരക്കേറിയ ജീവിതത്തിൽ ദിനചര്യയിൽ ഉണ്ടായ മാറ്റങ്ങളും, ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതമായ ഉപയോഗവും മനുഷ്യരെ ഡിജിറ്റൽ ആസക്തിയുടെ ഇരകളാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് എന്നും അനിവാര്യമായ മാറ്റം അവനവൻ്റെ വിരൽത്തുമ്പിൽ നിന്നും സ്വന്തം വീട്ടിൽ നിന്നും തന്നെ തുടങ്ങണം എന്നും വൈദ്യൻ എം രാഘവദാസ് ചർച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു.

പി. മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ആർ.കിഷോർ, ആർ.വി.പിള്ള, പ്രഭാകര പിള്ള,
ഇ.ആർ.പ്രഹ്ളാദൻ, പൊന്നമ്മദാസ്, തങ്കമ്മ സുകുമാരൻ, കല്പന പ്രദീപ് എന്നിവർ സംസാരിച്ചു. പ്രദീപ് പി.പി നന്ദി പറഞ്ഞു.

Related Posts