സംസ്കാരവിമർശനവീഥികളിലൂടെ മുക്കാൽ നൂറ്റാണ്ട് കാലം ഏകനായി സഞ്ചരിച്ച എം.കെ.സാനു മാഷ് മലയാളിയുടെ നൈതികത, ധാർമ്മികത, സമഭാവന, പുരോഗമന സങ്കൽപ്പങ്ങൾ എന്നിവയുടെ മറുനാമമാണെന്ന്, തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച എംകെസാനു അനുസ്മരണ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് എഴുത്തുകാരൻ കെ.ആർ കിഷോർ അഭിപ്രായപ്പെട്ടു.
കൃതി വിനിമയംചെയ്യുന്ന പാഠത്തെ ആത്മലയനത്തിലൂടെ ആസ്വദിച്ചു, കാലം, സമൂഹം, രാഷ്ട്രീയം എന്നീ നാഡീഞെരമ്പുളിലൂടെ സഞ്ചരിക്കുന്ന പുന:സൃഷ്ടികളായിരുന്നു സനുമാഷിൻ്റെ നിരൂപണങ്ങൾ. ഖണ്ഡന മണ്ഡനങ്ങളെ നിരാകരിക്കുന്ന ഈ രചനാരീതിയിലൂടെ മലയാള നിരൂപണശാഖയെ കൂടുതൽ സർഗ്ഗർത്മ കമാക്കാൻ സാനുമാഷിനു കഴിഞ്ഞു – കെ.ആർ കിഷോർ പറഞ്ഞു.
കേവലം സംഭവവിവരണങ്ങളിൽ നിന്നും വ്യത്യസ്തമായി, ജീവചരിത്രം എഴുതപ്പെടുന്ന വ്യക്തിയെയും ആ വ്യക്തിയുടെ കലാസാഹിത്യ സംഭാവനകളെയും സമഗ്രമായി പഠിച്ചു ലാവണ്യ ഭാഷയിൽ തീർക്കുന്ന അക്ഷരശില്പ നിർമ്മിതിയിലൂടെ, ജീവചരിത്രശാഖയെയും അദ്ദേഹം കൂടുതൽ സർഗ്ഗാത്മകമാക്കുകയാണ് ഉണ്ടായത്.
കൃതിയുടെ ആസ്വാദനത്തിൻ്റെ പ്രാഥമിക തലങ്ങളെ ഭേദിച്ചു ഉന്നതങ്ങളിൽ നിന്നും ഒഴുകുന്ന സർഗ്ഗാത്മക ബഹിർഗമനമാണ് സാനുമാഷിൻ്റെ വിമർശനമെന്ന് ചർച്ച ഉദ്‌ഘാടനം ചെയ്തുകൊണ്ടു സാംസ്‌കാരിക പ്രവർത്തകയായ രതി സുരേഷ് അഭിപ്രായപ്പെട്ടു.
കെ.മോഹൻദാസ് അദ്ധ്യക്ഷനായി. നളിനി ആൻ സനുമാഷിൻ്റെ ജീവിതരേഖ അവതരിപ്പിച്ചു. ആർ.വി.ആചാരി, കെ. പി.ഗോപാലകൃഷ്ണൻ, കെ.ചന്ദ്രശേഖരൻനായർ, ബി.എസ്.ഉണ്ണികൃഷ്ണൻ, ഉമേഷ് ശർമ്മ, സി.കുഞ്ഞപ്പൻ, ആർ.വി.പിള്ള, ശ്രീകണ്ഠൻ നായർ, രാധ ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു പ്രസംഗിച്ചു.
മലയാള കലാഭവൻ ഈ പ്രഹ്ളാദൻ, ആർ.വി.പിള്ള, പി.മോഹൻദാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. സെക്രട്ടറി പ്രദീപ്.പി.പി നന്ദി പറഞ്ഞു.