ഇന്ത്യയേക്കാൾ പ്രധാനപ്പെട്ട മറ്റൊരു പങ്കാളി അമേരിക്കയ്ക്ക് വേറെയില്ലന്ന് നിയുക്ത യുഎസ് അംബാസിഡർ സെർജിയോ ഗോർ. ഡൽഹിയിലെ യുഎസ് ഏംബസിയിൽ സംസാരിക്കുകയായിരുന്നു അംബാസിഡർ സെർജിയോ ഗോർ. ട്രംപും നരേന്ദ്ര മോദിയും തമ്മിലുള്ള സൗഹൃദം സത്യമാണെന്നും ഉറ്റസുഹൃത്തുക്കൾക്ക് അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും സെർജിയോ ഗോർ വ്യക്തമാക്കി. യഥാർഥ സുഹൃത്തുക്കൾക്ക് വിയോജിക്കാം, പക്ഷേ അവസാനം അവരുടെ വ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയും.
വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധത്തിന് വ്യാപാരം വളരെ പ്രധാനമാണെങ്കിലും, സുരക്ഷ, ഭീകരവാദത്തിനെതിരായ പോരാട്ടം, ആരോഗ്യം, സാങ്കേതികവിദ്യ, ഊർജം, വിദ്യാഭ്യാസം തുടങ്ങിയ വളരെ പ്രധാനപ്പെട്ട മേഖലകളിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഇന്ത്യൻ പ്രധാനമന്ത്രി മോദിയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം യഥാർഥമാണെന്ന് എനിക്ക് പറയാൻ കഴിയും. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം പുതിയ ഘട്ടത്തിലേക്ക് കൊണ്ടുപോകുക എന്നതാണ് തന്റെ നിയമനത്തിന്റെ ലക്ഷ്യം. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും’ – അദ്ദേഹം പറഞ്ഞു.