കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ച് ആദ്യവാരം പ്രഖ്യാപനം നടത്തുന്നതിനുള്ള ആലോചനാ നടപടികളുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകളെക്കുറിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചർച്ചകൾ പുരോഗമിക്കുന്നത്. അടുത്തമാസം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറും കമ്മീഷണർമാരും കേരളത്തിലെത്തും. കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കുന്നത്. മാർച്ച് ആദ്യവാരത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി കേന്ദ്ര സേനകളുടെയും ഇതര സംസ്ഥാന പോലീസിന്റെയും സേവനം ലഭ്യമാക്കാനുള്ള പ്രവർത്തന ചർച്ചകളും പുരോഗമിക്കുകയാണ്. 2026 ജനുവരി ഒന്നിന് പതിനെട്ട് വയസ് പൂർത്തിയായ മുഴുവൻ വോട്ടർമാർക്കും വോട്ടവകാശം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്താനാണ് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്.