രാഹുല്‍ ഈശ്വര്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് അതിജീവിത പോലീസിൽ പരാതി നൽകി. സാമൂഹികമാധ്യമത്തിലൂടെ വീഡിയോ പങ്കുവെച്ച് വീണ്ടും അധിക്ഷേപിച്ചെന്നാണ് പരാതി. പരാതിക്കാരിയെ അധിക്ഷേപിക്കരുത് എന്നതടക്കമുള്ള വ്യവസ്ഥകളോടെയായിരുന്നു കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. പ്രത്യേക അന്വേഷണസംഘം മേധാവി പൂങ്കുഴലിക്ക് നൽകിയ പരാതി തിരുവനന്തപുരം സിറ്റി സൈബർ പോലീസിന് കൈമാറി. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ആദ്യത്തെ പീഡന കേസിലെ പരാതിക്കാരിയാണ് രാഹുല്‍ ഈശ്വറിന് എതിരെ പരാതി നല്‍കിയത്.
രാഹുൽ ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. അതിജീവിതയുടേത് വ്യാജ പരാതിയാണെന്നത് അടക്കമുള്ള കാര്യങ്ങളാണ് വീഡിയോയിൽ പറഞ്ഞിരുന്നത്. ഇതോടെയാണ് അതിജീവിത രാഹുൽ ഈശ്വറിനെതിരേ പുതിയ പരാതി നൽകിയത്.