കേരള വർമ കോളേജിലെ വിദ്യാർത്ഥികളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യൂ ട്യൂബർ ആയ മുഹമ്മദ് ഷഹീൻ ഷായുടെ മുടി മുറിച്ചു. ‘മണവാളൻ വ്ളോഗ്‌സ്’ എന്ന യൂട്യൂബ് ചാനലിൻ്റെ ഉടമ മുഹമ്മദ് ഷഹീൻ ഷായുടെ മുടിയാണ് ജയിൽ അധികൃതർ മുറിച്ചത്. ജയിൽ ചട്ടപ്രകാരമാണ് മുടി മുറിച്ചതെന്നാണ് സൂപ്രണ്ടിൻ്റെ വിശദീകരണം.

മുടി മുറിച്ചതിനെ തുടർന്ന് മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച മുഹമ്മദ് ഷഹീൻ ഷായെ തൃശൂർ പടിഞ്ഞാറെകോട്ടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. കേരളവർമ്മ കോളേജിൽ 2024 ഏപ്രിൽ 19 ന് ഉണ്ടായ തർക്കത്തെ തുടർന്ന് ഇയാളും സംഘവും വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചിരുന്നു. അതിനുശേഷം ഒളിവിൽ പോയി. പത്ത് മാസത്തോളം ഒളിവിൽ കഴിഞ്ഞു. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസും കോടതി പുറത്തിറക്കിയിരുന്നു.

കർണാടകയിലെ കൂർഗിൽ നിന്ന് ചൊവ്വാഴ്ച രാത്രി ഷഹീൻ ഷായെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാൻഡിലായ ഷഹീൻഷാ ജയിൽ കവാടത്തിനു മുന്നിൽ വച്ച് റീൽസ് ചിത്രീകരിച്ചിരുന്നു. റീൽസ് പകർത്തുമ്പോൾ ‘ശക്തമായി തിരിച്ചുവരും’ എന്ന് ചിരിച്ചുകൊണ്ട് മുഹമ്മദ് ഷഹിൻ ഷാ പറയുന്നുണ്ടായിരുന്നു. കുടകിൽ നല്ല ക്ലൈമറ്റായതിനാൽ ട്രിപ്പ് പോയതാണെന്നായിരുന്നു പോലീസ് സ്റ്റേഷനിൽ വച്ച് പ്രതി പറഞ്ഞത്.

Related Posts