കന്നഡ സീരിയൽ നടി സി.എം.നന്ദിനിയെ (26) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നന്ദിനി വാടകയ്ക്ക് താമസിക്കുന്ന ബാംഗ്ലൂരിലെ കെങ്കേരിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. വിഷാദാവസ്ഥയും വ്യക്തിപരമായ കാര്യങ്ങളും തന്നെ അലട്ടുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. അഭിനയവുമായി മുന്നോട്ടു പോകാനായിരുന്നു നന്ദിനിക്ക് താൽപര്യം. എന്നാൽ, സർക്കാർ ജോലി നേടാനും വിവാഹിതയാകാനും വീട്ടുകാർ നിർബന്ധിച്ചിരുന്നു.
നന്ദിനിയുടെ പിതാവ് 2019ൽ സർക്കാർ സർവിസിലിരിക്കെ മരിച്ചിരുന്നു. അഭിനയം നിർത്തി ആശ്രിത നിയമനത്തിലൂടെ ലഭിക്കുന്ന ജോലിക്ക് ചേരാൻ നന്ദിനിയെ വീട്ടുകാർ നിർബന്ധിച്ചിരുന്നു. നന്ദിനി അഭിനയിക്കുന്നത് വീട്ടുകാർക്ക് ഇഷ്ടമായിരുന്നില്ല. ജോലിയിൽ ചേർന്ന് വിവാഹിതയാവാൻ കുടുംബം പറഞ്ഞിരുന്നു. ഇതിൽ നന്ദിനിക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ലെന്ന് ആത്മഹത്യകുറിപ്പിൽ പറയുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.