സർക്കാർ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിൽ ജനുവരി മുതൽ സിനിമകൾ നൽകേണ്ടതില്ലെന്നാണ് തീരുമാനം. പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ തങ്ങളെ കൈവിടുകയാണെന്ന് ഫിലിം ചേംബർ ആരോപിക്കുന്നു. സർക്കാരുമായി സഹകരിക്കാൻ കഴിയില്ലെന്ന് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് അറിയിച്ചു. ചേംബർ പ്രസിഡണ്ട് അനിൽ തോമസിൻ്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.

സിനിമാ വ്യവസായത്തിൽ നിന്ന് കോടിക്കണക്കിന് രൂപ നികുതിയായി ഖജനാവിലേക്ക് എത്തുന്നുണ്ട്. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ തങ്ങളെ കൈവിടുകയാണ് – ഫിലിം ചേംബർ ആരോപിച്ചു. കെഎസ്എഫ്‌ഡിസി തിയേറ്ററുകളെ പൂർണമായും ഒഴിവാക്കി സർക്കാരുമായുള എല്ലാ സഹകരണവും അവസാനിപ്പിക്കാനാണ് ചേംബറിൻ്റെ നീക്കം. കഴിഞ്ഞ പത്ത് വർഷമായി സർക്കാരിന് മുന്നിൽ സമർപ്പിച്ച നിവേദനങ്ങളിൽ നടപടി ഉണ്ടാകാത്തതാണ് ചേംബറിനെ പ്രകോപിപ്പിച്ചത്. തിയേറ്ററുകൾക്ക് വൈദ്യുതി നിരക്കിൽ പ്രത്യേക ഇളവുകൾ അനുവദിക്കുകയും ചെയ്യണമെന്നും ജി എസ് ടിക്ക് പുറമെ സർക്കാർ ഈടാക്കുന്ന അധിക വിനോദ നികുതി പിൻവലിക്കണമെന്നും ഫിലിം ചേംബർ അവധ്യപ്പെടുന്നു.

നിലവിലെ തിയേറ്റർ ബഹിഷ്‌കരണം സൂചന മാത്രമാണെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും സംഘടന സർക്കാരിന് മുന്നറിയിപ്പ് നൽകി.

Related Posts