പാലക്കാട് ചിറ്റൂരിൽ 21 മണിക്കൂർ നാട്ടുകാരും പൊലീസും തെരച്ചിൽ നടത്തിയിട്ടും ഇന്നലെ കാണാതായ ആറുവയസുകാരൻ സുഹാനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വീട്ടിൽ നിന്ന് 100 മീറ്റർ അകലെയുള്ള കുളത്തിൻ്റെ മദ്ധ്യഭാഗത്ത് പൊങ്ങിക്കിടക്കുന്ന നിലയിലാണ് ഇന്ന് രാവിലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തിരച്ചിൽ നടത്തിയ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്.
റോഡിനോട് ചേർന്നുള്ള കുളമാണെങ്കിലും വീടിൻ്റെ പരിസരത്തു നിന്ന് 100 മീറ്റർ മാറി കുട്ടി തനിച്ചെത്തില്ലെന്ന് തന്നെയാണ് നാട്ടുകാർ പറയുന്നത്. രാത്രി 12വരെ പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിയിരുന്നു. വീടിനടുത്തുള്ള കുളങ്ങളില്ലെല്ലാം പരിശോധിച്ചിരുന്നെങ്കിലും മൃതദേഹം കിട്ടിയ കുളത്തിൽ പരിശോധന നടത്തിയിരുന്നില്ല. സുഹാൻ വീട് വിട്ട് പുറത്തുപോകുന്ന കുട്ടിയല്ലാത്തതുകൊണ്ടുതന്നെ ഇത്രയും ദൂരേക്ക് പോകില്ലെന്ന് തന്നെയാണ് നാട്ടുകാരടക്കം പറയുന്നത്.

ഫയർഫോഴ്‌സും സിവിൽ ഡിഫൻസ് സംഘവും ചേർന്നാണ് കുളത്തിൽ നിന്ന് കുഞ്ഞിൻ്റെ മൃതദേഹം പുറത്തെടുത്തത്. റോയൽ പബ്ലിക് സ്കൂ‌ൾ വിദ്യാർത്ഥിയായ സുഹാൻ്റെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നാണ് ചിറ്റൂർ തത്തമംഗലം നഗരസഭയുടെ പെയർമാൻ സുമേഷ് അച്യുതൻ പറയുന്നത്. നടന്നുപോകുമ്പോൾ ഈ കുളത്തിലേക്ക് വീഴാൻ ഒരു സാദ്ധ്യതയുമില്ല റോഡിനോട് ചേർന്ന് ഒരു കനാലും അതിനപ്പുറം ചെറിയൊരു കരയുമുണ്ട്.
ഈ ഭാഗത്തേക്ക് വരാൻ ഒരു ചെറിയ നടപ്പാത മാത്രമാണുള്ളത്. ഇന്നലെ ഈ കുളത്തിന്റെ 100 മീറ്റർ അപ്പുറത്തുവരെയേ ഡോഗ് സ്ക്വാഡും വന്നിരുന്നുള്ളൂ. കുളത്തിലേക്ക് മറിഞ്ഞുവീഴാനുള്ള സാദ്ധ്യതയും ഇല്ല. ഇറങ്ങിയാൽ മാത്രമേ വെള്ളത്തിലെത്താനാകുള്ളൂ. ഈ കുളത്തിൽ ഇന്നലെ വൈകിട്ടും ആളുകൾ വന്ന് കുളിച്ചിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടിയെ കാണാതായത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. കുട്ടികൾ തമ്മിൽ സാധാരണ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അതെന്നും എന്നാൽ കുറച്ചുനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തിരച്ചിൽ നടത്തിയത്.

Related Posts