തിരുവനന്തപുരം നഗരസഭയിലെ മേയർ തെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും മത്സരിക്കും. മത്സരിക്കാതെ മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. യുഡിഎഫും മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അറിയിച്ചു. പുന്നക്കാമുഗൾ കൗൺസിലർ ആർ.പി. ശിവജി സിപിഎം സ്ഥാനാർഥി ആയിരിക്കും. ഡിസംബർ 24 ന് നടക്കുന്ന കൗൺസിലർമാരുടെ യോഗത്തിലാണ് സ്ഥാനാർഥിയെ തീരുമാനിക്കുക.
തിരുവനന്തപുരം കോർപ്പറേഷനിൽ നാല് പതിറ്റാണ്ട് നീണ്ട ഇടതുഭരണം അവസാനിപ്പിച്ചാണ് ബിജെപി അധികാരത്തിലേക്കെത്തുന്നത്. ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവ് കാര്യമാക്കുന്നില്ലെന്നും മേയര്‍ പ്രഖ്യാപനത്തിലെ സസ്പെൻസ് അങ്ങനെ നിലനിൽക്കട്ടെ എന്നും ബിജെപി നേതാക്കൾ പറഞ്ഞു. മേയർ തെരഞ്ഞെടുപ്പ് 26നാണ്. അത് വരെ ചർച്ച തുടരും. വി.വി.രാജേഷോ, ആർ.ശ്രീലേഖയോ അതോ വേറെ ആരെങ്കിലും വരുമോ എന്നും തീരുമാനമായിട്ടില്ല. രണ്ട് സ്വതന്ത്ര അംഗങ്ങളുടെ നിലപാടും കോര്പറേഷൻ ഭരണത്തിൽ നിര്‍ണ്ണായകമാണ്. സ്വതന്ത്ര സ്ഥാനാര്‍ഥി മരിച്ച വിഴിഞ്ഞത്ത് ജനുവരി 12നാണ് തെരഞ്ഞെടുപ്പ്.