ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻ്റ് റിപ്പോർട്ട് പുറത്ത്. കേസിൽ പിടിയിലായ ഗോവർദ്ധനനും പങ്കജ് ബണ്ടാരിയും ദേവസ്വം ജീവനക്കാരുമായി ചേർന്ന് ഗൂഡാലോചന നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രണ്ടുപേർക്കും പാളികൾ സ്വർണം പൂശിയതാണെന്ന് അറിയാമായിരുന്നു. പോറ്റിയുടെ സഹായത്തോടെ പാളികൾ സമാർട് ക്രിയേഷനിലെത്തിച്ച് സ്വർണം വേർതിരിച്ചു. വേർതിരിച്ചെടുത്ത സ്വർണം പ്രതികൾ എന്തു ചെയ്തുവെന്ന് കണ്ടെത്തണം.


ഗോവർദ്ധൻ സ്വർണം വാങ്ങിയത് ശബരിമല സ്വർണമാണെന്ന അറിവോടെയാണ്. സ്മാർട്ക്രിയേഷൻസില്‍ നിന്നും വേർതിരിച്ചെടുത്ത സ്വർണത്തിൽ 150 ഗ്രാം പണിക്കൂലിയായി വാങ്ങിയെന്നാണ് വിവരം. ഗോവർധന്‍റെ കൈയ്യില്‍ നിന്നും 470 ഗ്രാം സ്വർണവും കണ്ടെത്തിയിരുന്നു. ഇവർക്ക് ദേവസ്വം ജീവനക്കാരുമായുള്ള ബന്ധം കണ്ടെത്താൻ കസ്റ്റഡയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്. മുൻ ദേവസ്വം ബോർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരെ ഉടൻ ചോദ്യം ചെയ്യും. ജീവനക്കാർക്കിടയിൽ പ്രതികൾക്ക് സംഭാവനകൾ നൽകുന്നവരെന്ന നിലയിൽ വലിയ സ്വാധീനമുണ്ടായിരുന്നു.


474 ഗ്രാം സ്വർണ്ണം കൈയ്യിൽ കിട്ടിയപ്പോൾ കുറ്റബോധം തോന്നിയെന്നും പരിഹാരമായി ശബരിമലയിൽ സ്പോൺസർഷിപ്പിലൂടെ അന്നദാനത്തിനും മാളികപ്പുറത്ത് മാല വാങ്ങാനായി 20 ലക്ഷം നൽകാനും പോറ്റി പറഞ്ഞെന്നാണ് ഗോവർധൻ മൊഴി നൽകിയത്. പണം നൽകിയതിന്‍റെ തെളിവും ഗോവർധൻ എസ്ഐടിക്ക് നൽകി. സ്മാർട്ക്രിയേഷനിൽ നിന്നും സ്വർണം ഗോവർധന്‍റെ പക്കലെത്തിച്ച കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യും.

Related Posts