കടുവ ഭീഷണിയെ തുടർന്ന് വയനാട് ജില്ലയിലെ പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 18, 19, 20, 21 വാർഡുകളിലും പനമരം പഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാർഡുകളിലുമാണ് അവധി പ്രഖ്യാപിച്ചത്.
ഈ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെക്കാനും ഉത്തരവിലുണ്ട്. ഈ വാർഡുകളിൽ ഇന്നലെയും അവധി പ്രഖ്യാപിച്ചിരുന്നു. മദ്രസകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
എന്നാൽ വനംവകുപ്പ് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്. കടുവ ഉള്ളത് ചീക്കല്ലൂർ വയലിലെ തുരുത്തിലാണ്. 5 വയസ് പ്രായമായ ആൺ കടുവയാണിതെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.