ബെംഗളൂരുവിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ നാല് ലക്ഷത്തോളം പുതിയ വാഹനങ്ങളാണ് നഗരത്തിൽ രജിസ്റ്റർ ചെയ്ത് നിരത്തിലിറങ്ങിയത്. ഇതോടെ ബെംഗളൂരുവിലെ സ്വകാര്യവാഹനങ്ങളുടെ ആകെ എണ്ണം 1.09 കോടിയിലെത്തി. നഗരത്തിലെ ജനസംഖ്യ ഏകദേശം ഒന്നര കോടിയോളം വരും. ജനങ്ങളുടെയും സ്വകാര്യ വാഹനങ്ങളുടെയും എണ്ണം തമ്മിലുള്ള വ്യത്യാസം കേവലം 40 ലക്ഷം മാത്രമാണ്. വാഹനങ്ങളുടെ ബാഹുല്യം ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകുന്നതിന് കാരണമാവുകയാണ്.

പൊതുഗതാഗത-വാണിജ്യ വാഹനങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ബെംഗളൂരു നഗരത്തിൽ ആകെ 1.9 കോടിയോളം വാഹനങ്ങളുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. സംസ്ഥാനത്ത് ആകെ 3.6 കോടി വാഹനങ്ങളുള്ളതിൽ പകുതിയിൽ അധികവും തലസ്ഥാനമായ ബെംഗളൂരുവിലാണ് ഉള്ളത്.

ഏഴ് മാസത്തിനിടെ 84,963 കാറുകൾ, 3,03,201 ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ആകെ 3,88,164 വാഹനങ്ങളാണ് ബെംഗളൂരുവിൽ പുതിയതായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതേ കാലയളവിൽ മുൻവർഷത്തെ അപേക്ഷിച്ച് പുതിയ വാഹനങ്ങളുടെ എണ്ണത്തിൽ 10 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബറിലാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തത്. ഒക്ടോബറിൽ 59,863 ഇരുചക്രവാഹനങ്ങളും 15,953 കാറുകളും നിരത്തിലിറങ്ങി.
ഏപ്രിലിൽ 12,278 കാറുകളും 36,888 ഇരുചക്ര വാഹനങ്ങളും, മേയിൽ 11,225 കാറുകളും 39,086 ഇരുചക്രവാഹനങ്ങളും പുതിയതായി രജിസ്റ്റർ ചെയ്തു. ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലും വാഹന രജിസ്ട്രേഷൻ വലിയ അളവിൽ വർധനവ് ഉണ്ടായി. സെപ്റ്റംബറിൽ 9,997 കാറുകളും 38,990 ഇരുചക്രവാഹനങ്ങളും വിൽപ്പന നടന്നു.

Related Posts