അഞ്ച് പുതിയ സിറ്റി കോർപറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താൻ അനുവദിച്ച സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) സുപ്രീം കോടതിയെ സമീപിച്ചു. ഓഗസ്റ്റ് 31-ന് പകരം ഡിസംബർ 31 വരെ സമയം അനുവദിക്കണമെന്നാണ് ജിബിഎയുടെ ആവശ്യം.
സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (SIR) നടപടികൾ പുരോഗമിക്കുന്നതിനാൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. വോട്ടർ പട്ടിക പുതുക്കൽ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാർ (BLO) തന്നെയാണ് തിരഞ്ഞെടുപ്പ് ചുമതലകളും നിർവഹിക്കേണ്ടത്. ഇതാണ് പ്രധാന തടസ്സമെന്നും ജിബിഎ കോടതിയെ അറിയിച്ചു.
ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് കീഴിലുള്ള അഞ്ച് കോർപറേഷനുകളിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 31-നകം പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതി മേയിൽ നൽകിയ നിർദേശം. എന്നാൽ നിലവിലെ സാഹചര്യം പരിഗണിച്ച് സമയപരിധി ദീർഘിപ്പിക്കണമെന്നാണ് ജിബിഎയുടെ ആവശ്യം. ഇനി ഹർജിയിൽ സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാടാണ് തിരഞ്ഞെടുപ്പ് തീയതിയിൽ നിർണായകമാകുക.