വിദ്വേഷപ്രസംഗം തടയുന്നതിനായുള്ള ബിൽ കർണാടക സർക്കാർ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം നേരത്തേ ലഭിച്ചിരുന്നു. വിദ്വേഷപ്രസംഗത്തിന് പത്തുവർഷംവരെ തടവും ഒരുലക്ഷംരൂപ വരെ പിഴയും ഉറപ്പുവരുത്തുന്ന നിയമനിർമാണത്തെ പ്രതിപക്ഷമായ ബിജെപി എതിർത്തു. പക്ഷെ ഭരണപക്ഷം ബിൽ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുകയായിരുന്നു.
ജാതി, മതം, വ്യക്തിവിരോധം, ലിംഗഭേദം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന വിദ്വേഷപ്രസംഗങ്ങളാണ് ബിൽ അനുസരിച്ച് കുറ്റകരമായി കണക്കാക്കുക. വിദ്വേഷ പ്രസംഗങ്ങള്‍ പ്രചരിപ്പിക്കുന്നതു കുറ്റകരമാണെന്നും വിദ്വേഷപ്രസംഗത്തിന് വേദിയൊരുക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍, സംഘടനകള്‍, കൂട്ടായ്മകള്‍ എന്നിവ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്നും ബില്ലിൽ പറയുന്നു.