ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി-20 മത്സരം ഇന്ന്. ആദ്യ മത്സരത്തില്‍ 101 റണ്‍സിന്‍റെ കൂറ്റൻ ജയം നേടിയ ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. മുന്‍നിര ബാറ്റര്‍മാരുടെ പ്രകടനമാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഓപ്പണറായി ഇറങ്ങുന്ന വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെയും മങ്ങിയ ഫോം ഇന്ത്യക്ക് തലവേദനയാകുന്നത്. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഗില്‍ 4 റണ്‍സിനും സൂര്യകുമാര്‍ 12 റണ്‍സിനും പുറത്തായിരുന്നു. ഏഷ്യാ കപ്പ് മുതല്‍ സഞ്ജു സാംസണ് പകരം ഓപ്പണറായി ഇറങ്ങുന്ന ശുഭ്മാന്‍ ഗില്ലിന് ഇതുവരെ ഒരു അര്‍ധസെഞ്ചുറി പോലും നേടാനായിട്ടില്ല. കുറച്ചു മാസങ്ങളായി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും നിരാശ മാത്രമാണ് സമ്മാനിക്കുന്നത്. ആദ്യ മത്സരത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഓപ്പണര്‍ സ്ഥാനത്ത് സഞ്ജു സാംസനെ ഗില്ലിന് പകരം കളിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എങ്കിലും ഇന്നത്തെ ടീമില്‍ മാറ്റം വരുത്താനുള്ള സാധ്യത വളരെ കുറവാണ്. മത്സരം രാത്രി 7 മണിക്ക്.