ശബരിമലയിലെ തിരക്ക് മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ ജയകുമാർ. തിരക്ക് നിയന്ത്രിക്കുമെന്നും നിലവിലെ സ്ഥിതി ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു. പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പൊലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്. സ്പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും. ശരംകുത്തിയിലെയും മരക്കൂട്ടത്തെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡണ്ട് വ്യക്തമാക്കി. ശബരിമലയിൽ ദർശന സമയം നീട്ടിയതായി അറിയിച്ചു. സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൊലീസിൻ്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർത്ഥാടകർ മറികടന്നിരിക്കുന്ന സ്ഥിതിഗതിയിലേക്ക് എത്തിയിരിക്കുകയാണ്.
സന്നിധാനത്ത് ദർശനം ലഭിക്കാതെ തീർത്ഥാടകർ മടങ്ങിപ്പോകുന്നുണ്ട്. ഈ തീർത്ഥാടകർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തുകയും മാല ഊരി നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു. ബെംഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം പമ്പയിൽ ക്യൂ നിന്നിട്ട് മടങ്ങിയത്.