എറണാകുളത്തെ മറൈൻ ഡ്രൈവിൽ പ്രവർത്തിക്കുന്ന സൗന്ദര്യ വർധക വസ്‌തുക്കളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്നാണ് മായം ചേർത്ത പെർഫ്യൂം പിടികൂടിയത്.

എറണാകുളത്ത് ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ മായം ചേർത്ത സൗന്ദര്യ വർധക വസ്‌തുക്കൾ കണ്ടെത്തിയതായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് അറിയിച്ചു.

ഇതിൽ മീഥൈൽ ആൽക്കഹോളിൻ്റെ അളവ് 95 ശതമാനത്തോളം ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മീഥൈൽ ആൽക്കഹോൾ അടങ്ങിരിക്കുന്നത് കൊണ്ട് ഇതുപയോഗിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്.

ഈ സാഹചര്യത്തിൽ പരിശോധനകൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘കരിഷ്മ പെര്‍ഫ്യൂം’ എന്ന പേരില്‍ ഇറക്കിയ പെര്‍ഫ്യൂമിലാണ് മീഥൈല്‍ ആല്‍ക്കഹോള്‍ അമിത അളവില്‍ കണ്ടെത്തിയത്.

പെര്‍ഫ്യൂം ആയിട്ടാണ് നിര്‍മ്മിക്കുന്നതെങ്കിലും ആഫ്റ്റര്‍ ഷേവ് ആയിട്ടാണ് ഇത് ഉപയോഗിക്കപ്പെടുന്നത്. അതിനാല്‍ തന്നെ മൃദുവായ മുഖ ചര്‍മ്മത്തിലൂടെയും മുറിവിലൂടെയും വേഗത്തില്‍ ശരീരത്തിലെത്തി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു.

അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ കോസ്‌മെറ്റിക് ഉത്പന്നത്തിൻ്റെ ലൈസന്‍സ് സംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.

Related Posts