ജനവാസമേഖലകളിൽ ഇറങ്ങുന്ന വന്യജീവികളെ തുരത്താൻ ആധുനിക സംവിധാനങ്ങൾ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന് ഒളിച്ചുകളിയാണെന്ന് അദ്ദേഹം പറഞ്ഞു. വയനാട് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ.
ഇക്കാര്യത്തിൽ നാല് വർഷമായി ചെയ്യേണ്ടതൊന്നും സർക്കാർ ചെയ്തില്ല. എന്നിട്ട് നയപ്രഖ്യാപനത്തിൽ വന്യജീവി ആക്രമണം കുറഞ്ഞെന്ന് കള്ളം എഴുതി വച്ചു.
പ്രതിപക്ഷം പല തവണ വിഷയം നിയമസഭയിൽ ഉയർത്തിയതാണ്. എന്നാൽ സർക്കാർ നിസംഗത തുടരുകയാണ്. മലയോര ജനതയെ സർക്കാർ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്നും സതീശൻ വിമർശിച്ചു.