എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ നായർ ഐക്യവേദി ശക്തമായ വിമർശനവുമായി രംഗത്ത്. ആലപ്പുഴ വള്ളികുന്നം വിദ്യാധിരാജപുരത്ത് നായർ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നായർ നേതൃസംഗമം സർക്കാരിൻ്റെ അവഗണനയ്ക്കും എൻഎസ്എസിൻ്റെ നിലപാടിനുമെതിരെ പ്രതിഷേധവേദിയായി. ‘എൻഎസ്എസ് നേതൃത്വം സമുദായ നന്മയ്ക്കല്ല, വ്യക്തിഗത നേട്ടങ്ങൾക്കായാണ് പ്രവർത്തിക്കുന്നത്; നേതൃസംഗമത്തിൽ പങ്കെടുത്തവർ ആരോപിച്ചു. സുകുമാരൻ നായർക്കെതിരെയാണ് ഏറ്റവും രൂക്ഷമായ വിമർശനം ഉയർന്നത്.
ജസ്റ്റിസ് ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും നിയമസഭയിൽ അവതരിപ്പിക്കാനോ നടപ്പാക്കാനോ സർക്കാർ തയ്യാറായിട്ടില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്താനായിരുന്നു ആ കമ്മീഷൻ്റെ ചുമതല. സംസ്ഥാനവ്യാപകമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും സംഗമത്തിൽ തീരുമാനം എടുത്തു. കേരളത്തിനകത്തും പുറത്തുമുള്ള നായർ സംഘടനാ പ്രതിനിധികൾ പങ്കെടുത്ത ഈ സംഗമം, എൻഎസ്എസിന് ബദലായി പുതിയൊരു നായർ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്ന ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.