ദക്ഷിണ കന്നട ജില്ലയിലെ ധർമസ്ഥലയിൽ 1990നും 2021നും ഇടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അസ്വാഭാവിക മരണങ്ങളെക്കുറിച്ച് 74 പ്രത്യേക എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യാനും സമഗ്ര അന്വേഷണം നടത്താനും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ .ടി) നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈകോടതിയിൽ ഹരജി. 2012ൽ ധർമസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പി.യു കോളജ് വിദ്യാർഥിനി സൗജന്യയുടെ (17) മാതാവ് കുസുമാവതിയാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.
ഇരകളുടെ കുടുംബങ്ങൾ നിരവധി തവണ അപേക്ഷ നൽകിയിട്ടും വ്യക്തിഗത കേസുകൾ ആരംഭിക്കുന്നതിനോ നേരത്തേ നൽകിയ പരാതികളിൽ നടപടിയെടുക്കാനോ എസ്.ഐ ടി തയാറായില്ല എന്നും 31 വർഷത്തിനിടെ ധർമസ്ഥലയിൽ തിരിച്ചറിയാൻ കഴിയാത്ത നിരവധി പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്നതായി ഹരജിയിൽ പറയുന്നു. 74 കേസിനും വെവ്വേറെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബങ്ങൾ കഴിഞ്ഞ മാസം 11ന് എസ്.ഐ.ടിക്ക് രേഖാമൂലം അപേക്ഷ സമർപ്പിച്ചിരുന്നു.