കഴിഞ്ഞ ദിവസം വർക്കലയിൽ ട്രെയിനിൽ യാത്രക്കാരിയെ മദ്യലഹരിയിൽ സഹയാത്രികൻ തള്ളിയിട്ട സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കേരള റെയിൽവേ പോലീസിൻ്റെ പ്രത്യേക സുരക്ഷാ പരിപാടി ‘ഓപ്പറേഷൻ രക്ഷിത’ ഇന്ന് മുതൽ ആരംഭിച്ചു. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകൾക്കുള്ളിലും പരിസരങ്ങളിലും ആൽക്കോമീറ്റർ ഉപയോഗിച്ചുള്ള പ്രത്യേക പരിശോധനകൾ നടത്തും. മദ്യപിച്ച് ട്രെയിനുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും പ്രവേശിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ പോലീസ് സൂപ്രണ്ട് ഷഹൻഷാ ഐപിഎസ് അറിയിച്ചു. റെയിൽവേ പോലീസിനു പുറമേ ആവശ്യമെങ്കിൽ ലോക്കൽ സ്റ്റേഷനുകളിലെ പോലീസുകാരെയും താൽക്കാലികമായി റെയിൽവേ സ്റ്റേഷനിലേക്ക് നൽകി സുരക്ഷ കർശനമാക്കാനാണ് നിർദേശം. ട്രെയിൻ യാത്രക്കാരുടെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ പോലീസുകാർക്കും സംസ്ഥാന പോലീസ് മേധാവിയുടെ കർശന നിർദേശം നൽകി.
ട്രെയിനുകളിൽ പ്രത്യേക പരിശോധന കൂടാതെ പ്ലേറ്റ് ഫോമുകളിലും പരിശോധന കർശനമാക്കി. ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും മദ്യപിച്ച് യാത്ര ചെയ്യുന്നത് കണ്ടെത്തിയാൽ പിടികൂടി നിയമനടപടി സ്വീകരിക്കാനാണ് നിർദേശം. യാത്ര മുടങ്ങുമെന്ന് മാത്രമല്ല കേസ് എടുക്കുമെന്നും പോലീസ് പറഞ്ഞു. ട്രെയിനുകൾക്കുളളിൽ മദ്യപിച്ച നിലയിൽ കണ്ടെത്തിയാൽ അടുത്ത സ്റ്റേഷനിൽ ഇറക്കി, പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടപടിയെടുക്കാനാണ് തീരുമാനം.