SNDP യോഗം ബാംഗ്ലൂർ യൂണിയൻ്റെ ആഭിമുഖ്യത്തിൽ ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടം ബാംഗ്ലൂരിൽ അരങ്ങേറുന്നു. ചെട്ടികുളങ്ങര ശ്രീദേവി കുത്തിയോട്ട സമിതിയിലെ അമ്പതോളം കലാകാരന്മാർ അണിനിരക്കുന്ന കുത്തിയോട്ടച്ചുവടും പാട്ടും പരിപാടി തമ്മനഹള്ളി ശ്രീനാരായണ നഗറിൽ ഓഷൻസ് എലിമെന്ററി സ്കൂൾ ഗ്രൗണ്ടിൽ വച്ച് 2025 നവംബർ 23നു വൈകിട്ട് 5 മുതൽ 9 വരെ നടക്കുന്നു. അന്നേ അന്നദാനവും ഉണ്ടായിരിക്കും.
കേരളത്തിലെ ആലപ്പുഴയിലെ പ്രസിദ്ധമായ ക്ഷേത്രമാണ് ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം. ജഗദീശ്വരിയും ആദിപരാശക്തിയുമായ ശ്രീ ഭദ്രകാളിയാണ് മുഖ്യ പ്രതിഷ്ഠ. കുംഭ മാസത്തിലെ ഭരണി നാളിൽ നടക്കുന്ന ചെട്ടികുളങ്ങര കുംഭഭരണി ഉത്സവം വളരെ പ്രസിദ്ധമാണ്. ഉത്സവത്തോടനുബന്ധിച്ചു ഭക്തജനങ്ങൾ നടത്തുന്ന കുത്തിയോട്ടമാണ് ഈ ഉത്സവത്തിലെ പ്രധാന വഴിപാട്. പാരമ്പര്യ കലാരൂപങ്ങളിൽ ഇന്നും മാറ്റമില്ലാതെ മധ്യ കേരളത്തിൽ നിലനിൽക്കുന്ന ഒരു ആചാരം കൂടി ആണ് കുത്തിയോട്ടം. ‘തന്നന്ന താനന്ന’ എന്ന് തുടങ്ങുന്ന കുത്തിയോട്ട പാട്ടിൻ്റെ ഈണത്തിനും താളത്തിനും ഒരു സംഘം കുട്ടികളും മുതിർന്നവരും ചുവടുവെക്കുന്നത് കാഴ്ചയുടെയും കേൾവിയുടെയും ആസ്വാദ്യകരമായ അനുഭൂതി സൃഷ്ടിക്കുകയും ഒപ്പം ഏവരുടെയും മനസ്സിനെ ഭക്തിയുടെ അഗാധ തലത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
ബാംഗ്ലൂർ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിനു (BIEC) സമീപം സിദ്ദഹള്ളി മെയിൻ റോഡിലാണ് തമ്മനഹള്ളി. ഗ്രീൻ ലൈൻ മെട്രോ – മാധവര സ്റ്റേഷനിൽ നിന്നും ഏകദേശം 3 കിലോമിറ്റർ ദൂരമാണ് ഇവിടേയ്ക്ക്. ഹെസ്സരഘട്ട മെയിൻ റോഡിൽ ബോൺ മിൽ ജംഗ്ഷനിൽ നിന്നും ബസ് സൗകര്യവും ലഭ്യമാണ്. സ്വകാര്യ വാഹനങ്ങളിൽ എത്തി ചേരുന്നവർക്കു വിശാലമായ പാർക്കിംഗ് സൗകര്യവും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
9844065146, 9448056828, 9916075487, 9900032329, 9844549312, 7510318587