രാജ്യത്ത് അതിദരിദ്ര്യരില്ലാത്ത ആദ്യ സംസ്ഥാനമാകാൻ കേരളം. കേരളപ്പിറവി ദിനമായ ഇന്ന് വൈകിട്ട് അഞ്ചിന് ഈ നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചലച്ചിത്രതാരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ചടങ്ങിന് മുൻപും ശേഷവും വിവിധ കലാപ്രകടനങ്ങളും അരങ്ങേറും.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെ ചെയർമാനാക്കി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിരിക്കുകയാണ്. സംസ്ഥാനതല ചടങ്ങിനൊപ്പം തന്നെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക ആഘോഷ പരിപാടികളും സംഘടിപ്പിക്കപ്പെടും. നീതി ആയോഗ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം നിലകൊള്ളുന്നുവെന്ന് തൊഴിൽ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി.