ഗാസയില്‍ ശക്തമായ ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചുകൊണ്ടാണ് ഗാസ മുനമ്പിൽ ശക്തമായ ആക്രമണങ്ങൾ നടത്താൻ നെതന്യാഹു ഉത്തരവിട്ടത്. തെക്കൻ ഗാസയിൽ ഹമാസ് വെടിവയ്പ്പ് നടത്തിയെന്നും, മുമ്പ് തിരിച്ചുകിട്ടിയ ബന്ദിയുടെ അവശിഷ്ടങ്ങൾ വീണ്ടും കൈമാറിയെന്നുമുള്ള ആരോപണങ്ങളാണ് സംഘർഷം രൂക്ഷമാക്കിയത്. നെതന്യാഹുവിൻ്റെ ഉത്തരവിന് മിനിറ്റുകൾക്കകം, ചൊവാഴ്ച വൈകീട്ട് നിശ്ചയിച്ച മറ്റൊരു ബന്ദി മൃതദേഹം കൈമാറൽ ഹമാസ് മാറ്റിവച്ചതായും റിപ്പോർട്ടുകള്‍ കൈമാറുന്നു.
ഇസ്രായേൽ സുരക്ഷാ മന്ത്രിമാരുമായുള്ള അടിയന്തര സമ്മേളനത്തിന് ശേഷമാണ് നെതന്യാഹു ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. “സുരക്ഷാ ചർച്ചകൾക്ക് ശേഷം, പ്രധാനമന്ത്രി സൈനിക നേതൃത്വത്തിന് ഗാസ സ്ട്രിപ്പിൽ അടിയന്തരമായ ശക്തമായ ആക്രമണങ്ങൾ നടത്താൻ നിർദേശിച്ചു.” യുഎസിനെ അറിയിച്ചതായി ഇസ്രായേൽ പറയുന്നു. ഇനി 13 മൃതദേഹങ്ങൾ കൂടി ഹമാസ് കൈമാറാനുണ്ടെന്നാണ് വിവരം. തിരച്ചിലിനായി ആവശ്യമായ ഭാരം കൂടിയ യന്ത്രോപകരണങ്ങൾ ലഭ്യമല്ലാത്തതിനാൽ, കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കാൻ കഴിയുന്നില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.