വെറും 2 മണിക്കൂര്‍ 15 മിനിട്ടുകൊണ്ട് ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കും ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്കും യാത്ര ചെയ്യാവുന്ന എക്‌സ്പ്രസ് വേ പദ്ധതി വരുന്നു. ദക്ഷിണേന്ത്യയിലെ രണ്ട് മെട്രോ നഗരങ്ങളെയും ബന്ധിപ്പിച്ച് ഒരുക്കുന്ന എക്‌സ്പ്രസ് വേ പദ്ധതിയാണ് ഇതിന് അവസരമൊരുക്കുന്നത്. ആകെ 15,188 കോടിയാണ് പദ്ധതിച്ചെലവ്. നിലവില്‍ 6 മണിക്കൂറോളം എടുക്കുന്ന യാത്രയാണ് പകുതിയില്‍ താഴെയായി കുറയുന്നത്. 262 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് എക്‌സ്പ്രസ് വേ.
അടുത്ത വർഷം ജൂലൈ മാസത്തോടെ യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍മ്മാണ പ്രവൃത്തികള്‍ മുന്നോട്ടു പോകുന്നത്. നിർമ്മാണം പൂർത്തിയാകാൻ കാലതാമസമുണ്ടാകാന്‍ സാധ്യതയുണ്ട്. 264 കിലോമീറ്ററില്‍ 101 കിലോമീറ്ററോളമാണ് ഇതിനകം പൂര്‍ത്തിയായത്. വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും. ഇത് ചെന്നൈയ്ക്കും ബംഗളൂരുവിനും ഇടയിലുള്ള യാത്ര വേഗത്തിലാക്കുക മാത്രമല്ല, സുഗമമാക്കുകയും ചെയ്യും. 2022-ല്‍ ആരംഭിച്ച് 2024-ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്നതാണ് ഈ പാത. എന്നാല്‍ ഭൂമിയേറ്റെടുക്കലിന് ഉള്‍പ്പടെ കാലതാമസമുണ്ടായത് പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നത് വൈകിപ്പിച്ചു. അതിനാല്‍ ചെലവ് കൂടാന്‍ സാധ്യതയുണ്ട്.
കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി ഘട്ടം ഘട്ടമായാണ് നിര്‍മ്മാണം. കര്‍ണാടകയില്‍, നഷ്ടപരിഹാരത്തെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍, നാട്ടുകാരുടെ പ്രതിഷേധം, ഭൂമി ഏറ്റെടുക്കാനുള്ള കാലതാമസം എന്നിവ കാരണം നിര്‍മ്മാണം വൈകി. തമിഴ്നാട്ടില്‍ കുന്നുകള്‍ നിരപ്പാക്കുന്നതിലെ കാലദൈര്‍ഘ്യം, പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശങ്ങളിലെ നിര്‍മ്മാണത്തിലെ തടസങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം, ആന്ധ്രാപ്രദേശിലാണെങ്കില്‍ പരിസ്ഥിതി അനുമതി കിട്ടാനുള്ള കാലതാമസമാണ് പ്രതിസന്ധി.