കണ്ണൂർ താവക്കരയിലെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവിനെ നാട്ടുകാരും ജീവനക്കാരും ചേർന്ന് പിടികൂടി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. കണ്ണൂർ നഗരപരിധിയിൽ താമസിക്കുന്ന യുവാവാണ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറിയത്. ജീപ്പിൽ ഹോസ്റ്റലിന് സമീപം എത്തിയ ഇയാൾ വാഹനം പാർക്ക് ചെയ്ത ശേഷം മതിൽ കയറി ഹോസ്റ്റൽ വളപ്പിലേക്ക് കടന്നുകയറുകയായിരുന്നു.
ഹോസ്റ്റലിലെ ചില പെൺകുട്ടികൾ യുവാവിനെ കണ്ട് വാർഡനെ വിവരം അറിയിച്ചു. വാർഡൻ്റെ നിർദേശപ്രകാരം സുരക്ഷാ ജീവനക്കാർ എത്തിയതോടെ യുവാവ് മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് 100 മീറ്റർ പിന്തുടർന്ന് ഇയാളെ പിടികൂടി.
വിവരം ലഭിച്ചതിനെ തുടർന്ന് കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പോലീസ് അന്വേഷണം തുടരുകയാണ്.