കുന്ദലഹള്ളി കേരളസമാജത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷം ‘KKS പൊന്നോണം 2025 ‘ വിപുലമായ പരിപാടികളോടെ ബ്രൂക്ക്ഫീൽഡിലുള്ള CMRIT കോളേജിൻ്റെ വേദിയിൽ വെച്ച് നടന്നു. മഹാദേവപുര എം എൽ എ മഞ്ജുള ലിംബാവലി, ആഘോഷത്തിൻ്റെ മുഖ്യ പ്രായോജകരായ സൗപർണിക പ്രോജെക്ടസിൻ്റെ സിഇഒ ശങ്കർ റാവു, സൗപർണിക പ്രോജെക്ടസ് സെയിൽസ് വിഭാഗത്തിൻ്റെ തലവൻ ആനന്ദ്, പ്രശസ്ത തെന്നിന്ത്യൻ തരാം രാഹുൽ മാധവ് എന്നിവർ മുഖ്യാതിഥികളായി.

സമാജത്തിൻ്റെ കീഴിലുള്ള കലാക്ഷേത്രയിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്ത നൃത്യ സംഗീത പരിപാടികളോടൊപ്പം സമാജം അംഗങ്ങൾ ചേർന്നവതരിപ്പിച്ച വിവിധതരം കലാപരിപാടികളും ആഘോഷണത്തിൻ്റെ ഭാഗമായി അരങ്ങേറി. ഹാർമോണിയം വായനയിൽ പ്രശസ്തിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഷാരോൺ അപ്പുവും സംഘവും നയിച്ച സംഗീത – താളവിസ്മയം ആസ്വാദകരുടെ മനം കവർന്നു. ആഘോഷത്തിൻ്റെ ഭാഗമായി വിവിധസ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഒരുക്കിയിരുന്നു. 10, 12 ക്ലാസ്സുകളിൽ ഉന്നതവിജയം നേടിയ സമാജം അംഗങ്ങളുടെ കുട്ടികളേയും കലാ-കായികരംഗങ്ങളിൽ മികവ് തെളിയിച്ച കുട്ടികളേയും മലയാളമിഷൻ നടത്തിയ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളേയും വേദിയിൽ വെച്ച് ആദരിച്ചു. എൺപതു വയസ്സ് പിന്നിട്ട സമാജത്തിലെ മുതിർന്ന അംഗങ്ങളെയും കലാക്ഷേത്രയിലെ അദ്ധ്യാപകരേയും ഭരണസമിതി ആദരിച്ചു.

മണ്മറഞ്ഞ മലയാളത്തിലെ എഴുത്തുകാരി ഇ.പി.സുഷമയുടെ ഓർമ്മയ്ക്കായി കുന്ദലഹള്ളി കേരളസമാജം നടത്തിയ ചെറുകഥാമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം രാഹുൽ മാധവ് നിർവ്വഹിച്ചു. സമാജത്തിന് പിന്തുണയുമായി എന്നും കൂടെനിൽക്കാറുള്ള പ്രശസ്ത ചിത്രകാരനായ ഷഫീഖ് പുനത്തിലിനുള്ള സ്നേഹസമ്മാനം സമാജത്തിനു വേണ്ടി രാഹുൽ മാധവ് സമ്മാനിച്ചു.

സമാജം വൈസ് പ്രസിഡണ്ട് എം.ഗോപാലകൃഷ്ണൻ സ്വാഗതവും ജോയിൻറ് സെക്രട്ടറി അനിൽകുമാർ.കെ നന്ദിയും അർപ്പിച്ചു. സമാജം പ്രസിഡണ്ട് രെജിത്ത് ചെനാരത്ത് അദ്ധ്യക്ഷനായിരുന്നു. മഞ്ജുള ലിംബാവലി, ശങ്കർ റാവു, രാഹുൽ മാധവ് എന്നിവരും സംസാരിച്ചു. സമാജം സെക്രട്ടറി അജിത് കോടോത്ത്, ട്രഷറർ സന്തോഷ് കെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Related Posts