ബൈക്കിൽ വൈദികവേഷത്തിൽ പള്ളിയിലേക്കു പോയ വൈദികനെ പൊതുവഴിയിൽ വെച്ച് ചിങ്ങവനം പോലീസ് അധിക്ഷേപിച്ചതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ചിങ്ങവനം എസ്ഐയുടെ നേതൃത്വത്തിൽ കഴിഞ്ഞ 22ന് സായിപ്പുകവലയിൽ ബ്രത്ത് അനലൈസർ പരിശോധന നടക്കുന്നതിനിടെയാണ് സംഭവം.

കുറിച്ചി വലിയപള്ളി വികാരി ഫാ. ഫിലിപ്പോസ് ഫിലിപ്പോസ് (റിറ്റു അച്ചൻ) പാച്ചിറയെ നടുറോഡിൽ നാട്ടുകാർ നോക്കി നിൽക്കെ പോലീസ് അപമാനിച്ചതായി പരാതി ഉയർന്നത്. വൈകുന്നേരം പള്ളിയിലേക്കു പോവുകയായിരുന്ന ഫാ. ഫിലിപ്പോസിനോടു റോഡിൽ പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തിലെ ഡ്രൈവർ മോശമായി പെരുമാറിയെന്നാണ് ആരോപണം.

പോലീസ് ബൈക്കിലെത്തിയ വൈദികനെ തടഞ്ഞുനിർത്തി ബ്രത്ത് അനലൈസർ കാട്ടി ഊതാൻ ആവശ്യപ്പെട്ടു. മദ്യപിക്കുന്നയാളല്ലെന്നും വൈദികവേഷത്തിൽ പള്ളിയിലേക്കു പോകുന്ന തന്നെ പൊതുജനമധ്യത്തിൽ ഇത്തരത്തിൽ ഊതിക്കുന്നത് ശരിയാണോ എന്നും വൈദികൻ ചോദിച്ചെങ്കിലും പരിശോധനയ്ക്ക്‌ തയാറായി.

പരിശോധന നടത്തിയ ശേഷവും വൈദികനെ അപമാനിക്കുന്ന തരത്തിൽ പോലീസ് ഉദ്യോഗസ്ഥൻ സംസാരിച്ചെന്നാണ് പരാതി. പൗരനെന്ന നിലയിൽ നിയമ പാലകരുടെ നിർദേശങ്ങൾ പാലിച്ച ശേഷവും അപമാനിച്ചതിലാണ് പ്രതിഷേധം ഉയർന്നത്.

Related Posts