ഫെയ്മ കര്‍ണാടക  (FAIMA) ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സിംഗപ്പൂരിലെ പ്രമുഖ സാംസ്കാരിക പ്രതിഭയായ ഡി. സുധീരന് നൽകി ആദരിച്ചു. സിംഗപ്പൂർ കൈരളീ കലാനിലയത്തിന്റെ നാടകം അന്തിത്തോറ്റം ബെംഗളൂരുവിലെ ജാഗ്രിതി തിയേറ്ററിൽ അരങ്ങേറിയ വേദിയിലാണ് അവാർഡ് നൽകിയത്. സിംഗപ്പൂരിലെ മലയാളി സാംസ്കാരികരംഗത്ത് അഞ്ച് ദശാബ്ദങ്ങളിലേറെയായി സാഹിത്യം, നാടകം, സംഗീതം എന്നിവയിൽ വിലപ്പെട്ട സംഭാവനകൾ ചെയ്തിട്ടുള്ള സുധീരന്, മലയാളഭാഷയെയും സംസ്കാരത്തെയും തലമുറകളിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

കവി, നാടകകൃത്ത്, സംവിധായകൻ, നടൻ, “കരോക്കെ ലെജൻഡ്” എന്നീ നിലകളിൽ ഒരുപോലെ ശ്രദ്ധേയനായ സുധീരന്റെ കവിതാസമാഹാരമായ ശിമാ സക്കി (2014)യും കാവ്യസോപാനം സമാഹാരങ്ങളിലേക്കുള്ള സംഭാവനകളും സാഹിത്യരംഗത്ത് ശ്രദ്ധേയമായി. സിംഗപ്പൂർ കൈരളീ കലാനിലയത്തിന്റെ വളർച്ചയ്ക്കു പിന്നിലെ നേതൃപാടവും കലാഭാവനയും അദ്ദേഹത്തിന്റേതായിരുന്നു. നിരവധി പ്രശസ്ത നാടകങ്ങൾ സംവിധാനം ചെയ്‌തു, ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു, ഗാനരചനയും സംഗീതസംവിധാനവും നടത്തി വേദിനാടകത്തിന് സമഗ്രമായ സംഭാവന നൽകിയ വ്യക്തിത്വമാണ് അദ്ദേഹം. മലയാള കരോക്കെയുടെ ലോകത്ത് “ലെജൻഡ്” ആയി അറിയപ്പെടുന്ന സുധീരന്, പ്രവാസികളിൽ സംഗീതസ്മൃതികളെ ജീവനുള്ളതാക്കി നിലനിർത്തിയതിൽ വലിയ പങ്കുവഹിച്ചു.

അവാർഡ് സമ്മാനിച്ചത് ഫെയ്മ നാഷണൽ ജനറൽ സെക്രട്ടറി രെജികുമാർ, കസ്റ്റംസ് അഡീഷണൽ കമ്മീഷണറും കേരള സമാജം IAS അക്കാദമി ഉപദേഷ്ടാവുമായ പി ഗോപകുമാർ IAS, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവും പ്രശസ്ത എഴുത്തുകാരനുമായ സുധാകരൻ രമന്തളി എന്നിവർ ചേർന്നാണ്.

അന്തിത്തോറ്റം ബെംഗളൂരുവിൽ ഹൗസ്‌ഫുൾ പ്രേക്ഷകരുടെ മുന്നിൽ അരങ്ങേറി, ചരിത്രവും പുരാണവും കലയും ചേർന്ന അവതരണം പ്രേക്ഷകരുടെ പ്രശംസ നേടി. നാടകാവിഷ്കാരത്തിന് ശേഷം, സുധാകരൻ രമന്തളി, ഗോപകുമാർ IAS, പ്രമുഖ കന്നട നാടക പ്രവർത്തകനായ ജോസഫ് നീനസം എന്നിവരെ സിംഗപ്പൂർ കൈരളീ കലാനിലയം രക്ഷധികാരി രാജേഷ് കുമാർ ആദരിച്ചു

Related Posts