തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ട് ചോരികളെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സംരക്ഷിക്കുകയാണെന്നും എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചു.

ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്. പ്രതിപക്ഷത്തിന് വോട്ടു ചെയ്യുന്നവരെ ഒഴിവാക്കുകയാണ്. 6018 വോട്ടുകൾ കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ ഒഴിവാക്കി. ഒഴിവാക്കിയ വോട്ടർമാരെ വാർത്താ സമ്മേളനത്തിലെത്തിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ വെല്ലുവിളി.

കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ ഒഴിവാക്കലാണ് നടന്നതെങ്കിൽ മഹാരാഷ്ട്രയിലെ രജുരയിൽ 6850 വ്യാജ വോട്ടുകൾ കൂട്ടിച്ചേർക്കലാണ് നടന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫോൺ നമ്പറുകൾ ഉപയോഗിച്ചാണ് വോട്ട് വെട്ടൽ നടത്തുന്നത്. 12 പേരുടെ വോട്ടുകൾ തൻ്റെ പേരിൽ വെട്ടിയെന്നും തന്‍റെ നമ്പർ ദുരുപയോഗം ചെയ്തു‌വെന്നും ഒരു വോട്ടർ വെളിപ്പെടുത്തി.

വോട്ടുകൊള്ളയുടെ അന്വേഷണത്തിൻ്റെ ഭാഗമായി മുഴുവൻ വിവരങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കർണാടക സിഐഡി നിരവധി തവണ കത്തുകൾ നൽകി. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരം നൽകിയില്ല. ഒടിപി വിവരങ്ങളുടേതടക്കം വിശദാംശങ്ങൾ തേടിയിട്ടുണ്ട്.

Related Posts