പമ്പയിൽ ശനിയാഴ്‌ച നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പന്തളം കൊട്ടാരം പ്രതിനിധികൾ പങ്കെടുക്കില്ല. പന്തളം കൊട്ടാരം നിർവാഹകസംഘം പുറത്തിറക്കിയ പത്രക്കുറിപ്പിൽ കുടുംബാംഗങ്ങളുടെ നിര്യാണത്തെ തുടർന്നുള്ള അശുദ്ധി കാരണമാണ് പങ്കെടുക്കാത്തത്. 27ന് മാത്രമേ അശുദ്ധി കഴിയുകയുള്ളൂ. അതുവരെ ഇത്തരം ചടങ്ങുകളിൽ നിന്നെല്ലാം കൊട്ടാരം വിട്ടുനിൽക്കും എന്ന് നിർവാഹകസംഘം സെക്രട്ടറി എം.ആർ.എസ് വർമ്മ പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.

ആചാരപ്രകാരം അശുദ്ധിയുള്ളതിനാൽ നിലയ്ക്കലിന് അപ്പുറം പോകാൻ കൊട്ടാരം അംഗങ്ങൾക്ക് സാദ്ധ്യമല്ല. അശുദ്ധി കാരണമാണ് പങ്കെടുക്കാത്തതെങ്കിലും 2018 ൽ ശബരിമല പ്രക്ഷോഭ കാലത്തെടുത്ത കേസുകൾ പിൻവലിക്കണം എന്ന കൊട്ടാരത്തിൻ്റെ ആവശ്യം പരിഗണിക്കാത്തതിലുള്ള അതൃപ്‌തിയും പത്രക്കുറിപ്പിൽ പറയുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പന്തളം കൊട്ടാരം സന്ദർശിച്ച വേളയിൽ നിർവാഹകസംഘം ഭാരവാഹികൾ ഇക്കാര്യം പ്രധാനമായും ആവശ്യപ്പെട്ടിരുന്നു.

Related Posts