ബാറ്റിങ് ഇതിഹാസവും മുൻ ഇന്ത്യൻ നായകനുമായ സചിൻ ടെണ്ടുൽക്കർ ബി.സി.സി.ഐ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന അഭ്യുഹങ്ങൾ തള്ളി. ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അഭ്യൂഹങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് സചിൻ്റെ സ്ഥാപനമായ എസ്.ആർ.ടി സ്പോർട്‌സ് മാനേജ്മെൻ്റ് പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി.

സചിൻ, റോജർ ബിന്നിയുടെ പിൻഗാമിയായി ബി.സി.സി.ഐ പ്രസിഡൻ്റാകുമെന്നായിരുന്നു റിപ്പോർട്ട്. ബിന്നിയുടെ കാലാവധി ജൂലൈയിൽ അവസാനിച്ചിരുന്നു. ‘ ബി.സി.സി.ഐ പ്രസിഡൻ്റ് സ്ഥാനത്തേക്ക് സചിൻ ടെണ്ടുൽക്കറെ പരിഗണിക്കുന്നതായുള്ള അഭ്യൂഹങ്ങളും റിപ്പോർട്ടുകളും ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. അങ്ങനെയൊരു നീക്കം നടന്നിട്ടില്ലെന്നും അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് ബന്ധപ്പെട്ടവർ മാറി നിൽക്കണമെന്നും അഭ്യർഥിക്കുന്നു ‘ – എന്ന് സചിൻ്റെ കമ്പനി പത്രക്കുറിപ്പിൽ പറയുന്നു.

ബി.സി.സി.ഐയുടെ വാർഷിക ജനറൽ ബോഡി നടക്കുന്നത് സെപ്റ്റംബർ 28നാണ്. 2022 ഒക്ടോബറിലാണ് ബിന്നി ബി.സി.സി.ഐ പ്രസിഡൻ്റായി ചുമതലയേൽക്കുന്നത്. 70 വയസ്സ് പൂർത്തിയായതോടെയാണ് പദവി ഒഴിഞ്ഞത്. ബി.സി.സി.ഐ ഭരണഘടന പ്രകാരം 70 വയസ്സ് പൂർത്തിയായവർക്ക് പ്രസിഡണ്ട് സ്ഥാനത്തിരിക്കാനാകില്ല. ബി.സി.സി.ഐ എത്തിക്സ് ഓഫിസറെയും ഓംബുഡ്‌സ്‌മാനെയും ജനറൽ ബോഡിയിൽ തെരഞ്ഞെടുക്കും. ഇപ്പോൾ പ്രസിഡണ്ടിൻ്റെ ചുമതല വഹിക്കുന്നത് വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ലയാണ്.

Related Posts