രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങൾ വളരെ ഗൗരവതരമാണെന്നും യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷപദം അദ്ദേഹം രാജിവച്ചത് മാതൃകാപരമാണെന്നും കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെതിരെ നിയമപരമായി കേസ് രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമപരമായോ പാർട്ടിക്കോ ഇതുവരെ പരാതികൾ ലഭിച്ചിട്ടില്ല. എവിടെയും ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. സിപിഎം അടക്കമുള്ള രാഷ്ട്രീയ എതിരാളികൾ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെടുന്നതിന് യാതൊരു ന്യായീകരണവും യുക്തിയുമില്ല. അവർക്ക് അത്തരത്തിൽ ഒരു ആവശ്യം ഉന്നയിക്കാനുള്ള ധാർമ്മികതയില്ല. എഫ്ഐആറും കുറ്റപത്രമുണ്ടായിട്ടും ജനപ്രതിനിധി സ്ഥാനം രാജിവയ്ക്കാത്ത നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കോൺഗ്രസ്, സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷിതത്വവും സംരക്ഷിക്കപ്പെടണം എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. അതുകൊണ്ട് നേതൃത്വം ആലോചിച്ച് എല്ലാവരും ഒരേ സ്വരത്തിൽ എടുത്ത തീരുമാനമാണ് പാർട്ടി സസ്പെൻഷൻ. ഇക്കാര്യം രാഹുലിനെ അറിയിച്ചിട്ടുണ്ട് – സണ്ണി ജോസഫ് വ്യക്തമാക്കി.