കണ്ണൂർ ഇരിക്കൂർ കല്യാട് ചുങ്കസ്ഥാനത്ത് വൻ കവർച്ച നടന്ന വീട്ടിലെ യുവതിയെ കർണാടകയിലെ ഹുൺസൂരിൽ കൊലപ്പെട്ട നിലയിൽ കണ്ടെത്തി. ചുങ്കസ്ഥാനം പടിഞ്ഞാറെക്കരയിൽ താമസിക്കുന്ന അഞ്ചാംപുര ഹൗസിൽ കെ.സി. സുമതയുടെ വിദേശത്തുള്ള മകൻ എ.പി. സുഭാഷിൻ്റെ ഭാര്യ കർണാടക ഹുൺസൂർ സ്വദേശിനി ദർഷിത (22)യെയാണ് മൈസുരു സാലിഗ്രാമത്തിലെ ഒരു ലോഡ്ജിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കർണാടക പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കർണാടക സ്വദേശിയായ ഒരാളെയാണ് കർണാടക സാലിഗ്രാമ പൊലീസ് അറസ്റ്റ് ചെയ്തത്.
സുമതയുടെ വീട്ടിൽനിന്ന് 30 പവൻ്റെ സ്വർണാഭരണങ്ങളും നാലു ലക്ഷം രൂപയും മോഷണം പോയിരുന്നു. കവർച്ചയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ദർഷിതയെ മരിച്ചനിലയിൽ കണ്ടെത്തിയത്.. വെള്ളി രാവിലെ സുമതയും ഡ്രൈവറായ മകൻ സുരജും രാവിലെ ജോലിക്ക് പോയിരുന്നു. ഗൾഫിലുള്ള സുഭാഷിൻ്റെ ഭാര്യ ദർഷിത രാവിലെ കർണാടക ഹുൻസുറിലെ അവരുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞിരുന്നു. ജോലി കഴിഞ്ഞു സുമത വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് ശ്രദ്ധയിൽപെടുന്നത്. വീടിൻ്റെ താക്കോൽ ഒരുവശത്ത് ഒളിപ്പിച്ചുവെച്ചാണ് കുടുംബം പുറത്തുപോകാറുള്ളത്. ഈ താക്കോലെടുത്ത് വീട് തുറന്ന് അകത്ത് കയറിയാണ് കവർച്ച നടത്തിയതെന്നായിരുന്നു പരാതി. മോഷണത്തിൻ്റെ അന്വേഷണത്തിൽ ദർഷിതയോട് വിവരങ്ങൾ അന്വേഷിക്കാൻ പൊലീസ് ബന്ധപ്പെട്ടപ്പോൾ ദർശിത വരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ലൊക്കേഷൻ മാറി സഞ്ചരിക്കുന്നതായി മനസ്സിലായി.
സംശയം തോന്നിയതിനാൽ പൊലീസ് ഹുൺസുരിലേക്ക് പോകാനിരിക്കെയാണ് കൊലപാതക വിവരം അറിഞ്ഞത്. കൊലപാതകത്തിലും മോഷണത്തിലും ഇയാൾക്കും ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. മോഷണത്തിലും കൊലപാതകത്തിലും കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സംശയവുമുണ്ട്. രണ്ടരവയസ്സുള്ള മകളെ ഹുൺസൂരിലെ വീട്ടിലാക്കിയാണ് ദർഷിത സുഹൃത്തിനൊപ്പം പോയതെന്നാണ് അന്വേഷണ സംഘം പറയുന്നത്. അന്വേഷണസംഘം ഹുൺസൂരിലെത്തിയിട്ടുണ്ട്.