ഇന്ത്യൻ താരം ചേതേശ്വർ പൂജാര ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുകയാണെന്നു എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. “ഇന്ത്യൻ ജഴ്സി ധരിച്ച്, ദേശീയ ഗാനം ആലപിച്ച്, ഓരോ തവണ ഗ്രൗണ്ടിലിറങ്ങുമ്പോഴും എൻ്റെ ഏറ്റവും മികച്ച പ്രകടനത്തിനു വേണ്ടിയാണു ശ്രമിച്ചത്. പക്ഷേ എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടാകുമല്ലോ. വളരെ നന്ദിയോടെ ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കാൻ ഞാൻ തീരുമാനിക്കുന്നു.”-പൂജാര എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി.
ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ പൂജാരയുടെ പിതാവ് അരവിന്ദ് പുജാര ആഭ്യന്തര ക്രിക്കറ്റിൽ സൗരാഷ്ട്രയുടെ താരമായിരുന്നു. ടെസ്റ്റിൽ 19 സെഞ്ചറികളും 35 അർധ സെഞ്ചറികളുമുൾപ്പടെ 7195 റൺസ് ചേതേശ്വർ പൂജാര സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ അഞ്ച് മത്സരങ്ങളും കളിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 278 മത്സരങ്ങളിൽനിന്ന് 21301 റൺസും അടിച്ചെടുത്തു. ആഭ്യന്തര ക്രിക്കറ്റിൽ 66 സെഞ്ചറികൾ പുജാരയുടെ പേരിലുണ്ട്.
ഒരു പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ വിശ്വസ്തനായിരുന്ന ബാറ്റ്സ്മാൻ ആയിരുന്നു പൂജാര. 2010 മുതൽ 2023 വരെ 103 ടെസ്റ്റുകളിൽ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. 2023 ലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു അവസാന രാജ്യാന്തര മത്സരം കളിച്ചത്. പിന്നീട് ടെസ്റ്റ് ടീമിൽ അവസരം ലഭിച്ചില്ല.