സബ്സിഡി നിരക്കിൽ 13 ഇന അവശ്യ സാധനങ്ങളുമായി കൺസ്യൂമർഫെഡിൻ്റെ സഹകരണ ഓണം വിപണി 26ന് ആരംഭിക്കും. സെപ്തംബർ നാലുവരെയാണ് ഓണം വിപണി. ജില്ലാ മൊത്ത വ്യാപാര സഹകരണ സ്റ്റോറുകൾ, ത്രിവേണി സൂപ്പർമാർക്കറ്റുകൾ, പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ, പിന്നാക്ക മേഖലയിൽ പ്രവർത്തിക്കുന്ന എസ്.സി-എസ്.ടി സംഘങ്ങൾ, ഫിഷർമെൻ സഹകരണ സംഘങ്ങൾ എന്നിവയിലൂടെ 1,800 പ്രത്യേക വിപണന കേന്ദ്രങ്ങളാണുള്ളത്. സബ്‌സിഡി, നോൺ സബ്സിഡി ഇനങ്ങളിലായി 300 കോടി രൂപയാണ് വിൽപ്പന ലക്ഷ്യം.
30 മുതൽ 50 ശതമാനംവരെ വിലക്കുറവുള്ല 13 ഇനങ്ങളോടൊപ്പം സബ്സിഡി ഇല്ലാതെ പൊതുമാർക്കറ്റിനേക്കാൾ വിലക്കുറവിൽ മറ്റ് നിത്യോപയോഗ സാധനങ്ങളും ലഭ്യമാക്കും. സഹകരണ സ്ഥാപനങ്ങൾ നേരിട്ട് ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ ലിറ്ററിന് 349 രൂപയ്ക്ക് ലഭ്യമാക്കും.