മോഹൻലാലിനെ നായകനാക്കി ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ഓണച്ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഓഗസ്റ്റ് 28ന് ഹൃദയപൂർവം റിലീസ് ചെയ്യും. മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട്- മോഹൻലാലിൻ്റേത്. ആ പ്രതീക്ഷകൾക്കൊപ്പം നിൽക്കാനുള്ള എല്ലാ ചേരുവുകളും കോർത്തിണക്കി തന്നെയാണ് ചിത്രത്തിൻ്റെ അവതരണം. പൂനെയുടെ പശ്ചാത്തലത്തിൽ സന്ദീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ കഥ മുന്നോട്ടുപോകുന്നത്. വളരെ കുറച്ചു കഥാപാത്രങ്ങളിലൂടെ ഹൃദ്യമായ ഒരു കഥ മനോഹരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ സത്യൻ അന്തിക്കാട് ചെയ്യുന്നത്.
നേരത്തെ പുറത്തുവിട്ട ഗാനവും ടീസറുമെല്ലാം സിനിമാപ്രേമികൾക്കിടയിൽ ഏറെ ചർച്ചയായിരുന്നു. മാളവികാ മോഹനും, സംഗീതയുമാണ് നായികമാർ. സിദ്ദിഖ്, ലാലു അലക്സ്, സംഗീത് പ്രതാപ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. അഖിൽ സത്യൻ്റെ കഥയ്‌ക്ക് ടി.പി. സോനു തിരക്കഥ രചിച്ചിരിക്കുന്നു. ഗാനങ്ങൾ – മനു മഞ്ജിത്ത്, ബി.കെ. ഹരിനാരായണൻ, സംഗീതം – ജസ്റ്റിൻ പ്രഭാകർ ഛായാഗ്രഹണം – അനു മൂത്തേടത്ത്, എഡിറ്റിംഗ്- കെ. രാജഗോപാൽ, കലാസംവിധാനം – പ്രശാന്ത് മാധവ്, മേക്കപ്പ് -പാണ്ഡ്യൻ.